പൊന്നാനി : ‘സാറേ, ഞങ്ങൾക്ക് വണ്ടിയോടിക്കാനറിയാം. പക്ഷേ, ലൈസൻസില്ല. പോലീസും എം.വി.ഡി.യും പിടിച്ചാൽ ഫൈൻ അടയ്ക്കാനുള്ള പൈസയും കൈയിലില്ല. ഞങ്ങൾക്ക് ലൈസൻസ് കിട്ടാനുള്ള വഴിയുണ്ടാക്കിത്തരണം’ -കടലോര ജാഗ്രതാസമിതിയിൽ ഇങ്ങനെ ഒരാവശ്യവുമായി മത്സ്യത്തൊഴിലാളികളിലെ പ്രായമായവരിൽ ചിലർ മുന്നോട്ടുവന്നതോടെ തീരദേശ പോലീസ് ഒരു തീരുമാനമെടുത്തു; ലൈസൻസ് ഇല്ലാത്തവരെക്കൊണ്ട് ലൈസൻസ് എടുപ്പിക്കാമെന്ന്.

സി.പി.ഒ. അജയന്റെ നേതൃത്വത്തിൽ ലേണേഴ്‌സ് ടെസ്റ്റിനുള്ള പരിശീലനം ആരംഭിച്ചു. മുൻപ് പലതവണ ശ്രമിച്ചിട്ടും വിജയിക്കാൻ കഴിയാത്തവരെയാണ് ആദ്യബാച്ചിൽ ഉൾപ്പെടുത്തിയത്. പരിശീലനം പൂർത്തിയാക്കിയവർ ലേണേഴ്‌സ് ടെസ്റ്റിൽ മികച്ച മാർക്കുകൾ നേടി. ലേണേഴ്‌സ് ടെസ്റ്റിലെ വിജയം അവർക്ക് ആത്മവിശ്വാസം പകർന്നു. 40 വർഷത്തോളമായി വാഹനം ഓടിക്കുന്നവരായിരുന്നു പലരും. അതുകൊണ്ടുതന്നെ റോഡ് ടെസ്റ്റ് അവർക്കൊരു പ്രശ്‌നമായില്ല. ആദ്യബാച്ചിലെ 20 പേർക്കാണ് ലൈസൻസ് ലഭിച്ചത്. 55 വയസ്സ് കഴിഞ്ഞവരാണ് ഇവരെല്ലാവരും.

ലൈസൻസ് വിതരണച്ചടങ്ങ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ലൈസൻസ്‌ എടുക്കാനുള്ള മാർഗനിർദേശങ്ങൾ നൽകിയ എംവി.ഐ.മാരായ ജസ്റ്റിൻ എസ്. മാളിയേക്കൽ, എം.വി. അരുൺ, എ.എം.വി.ഐ. മുഹമ്മദ് അഷറഫ് സൂർപ്പിൽ എന്നിവരെ ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ, എസ്.ഐ. ടി. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമോൻ പൊന്നാനി മറുപടി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *