എടപ്പാൾ : കേരളത്തിൽ ഒരുകാലത്ത് വ്യാപകമായിരുന്ന എള്ളുകൃഷി വീണ്ടുമാരംഭിച്ച് എടപ്പാൾ പഞ്ചായത്ത്. മകരക്കൊയ്‌ത്തുകഴിഞ്ഞ് അടുത്ത വിരിപ്പ് കൃഷി ആരംഭിക്കുംമുൻപുള്ള ഇടവേളയിലാണ് കേരളത്തിലെ വയലുകളിൽ വ്യാപകമായി എള്ളുകൃഷി നടന്നിരുന്നത്. ഇടക്കാലത്ത് നിലച്ചുപോയ എള്ളുകൃഷി സംസ്‌കാരം വീണ്ടെടുക്കാനായാണ് എടപ്പാൾ കൃഷിഭവൻ എടപ്പാൾ പഞ്ചായത്തിലെ പത്തേക്കറിൽ ആദ്യഘട്ടമായി എള്ളുകൃഷി ആരംഭിച്ചിട്ടുള്ളത്.
ഞങ്ങാട്ടുവളപ്പിൽ ജനാർദ്ദനൻ, ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. കൃഷിയുടെ വിത്തിടൽ കർമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ അധ്യക്ഷനായി. കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, ആസിഫ് പൂക്കരത്തറ, ഞങ്ങാട്ടുവളപ്പിൽ ജനാർദ്ദനൻ, സോമൻ പാക്കൂട്ട് പറമ്പിൽ, വാസു ആളിയത്ത്, ചന്ദ്രൻ വണ്ണാന്റെവളപ്പിൽ എന്നിവർ പ്രസംഗിച്ചു.