പൊന്നാനി: പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കാൻ പദ്ധതി തയ്യാറാവുന്നു. ഇതിൻ്റെ ഭാഗമായി പഠനം നടത്തി വിശദമമായ രൂപരേഖ തയ്യാറാക്കന്നതിനായി കേന്ദ്ര ഏജൻസിയായ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി) യിലെ ശാസ്ത്രജ്ഞർ പുതുപൊന്നാനി അഴിമുഖം സന്ദർശിച്ചു.
പി നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ചന്തപ്പടി റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിന് ശേഷമാണ് സംഘം അഴിമുഖം സന്ദർശിച്ചത്. അഴിമുഖത്ത് മണൽ അടിഞ്ഞ് കിടക്കുന്നതിനാൽ മത്സ്യ യാനങ്ങൾ മണൽതിട്ടയിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. മത്സ്യതൊഴിലാളികളുടെ പ്രയാസം മനസ്സിലാക്കി പി നന്ദകുമാർ എംഎൽഎ മണൽതിട്ട നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭയിലും സർക്കാറിനോടും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൻ്റെ നടപടി. അടുത്ത ആഴ്ച എൻഐഒടി സംഘം സ്ഥലത്തെത്തി മണൽതിട്ട നീക്കി അഴിമുഖത്തിലൂടെയുള്ള യാത്ര സുഖമമാക്കുന്നതിനായുള്ള രൂപരേഖ തയ്യാറാക്കി സർക്കാറിന് സമർപ്പിക്കും. ഇതിന് ശേഷം പദ്ധതിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഹാർബർ വകുപ്പ് സർക്കാറിൻ്റെ അംഗീകാരത്തിന് സമർപ്പിക്കും.
പുതുപൊന്നാനി അഴിമുഖത്ത് ഹൈഡ്രോ ഗ്രാഫിക് വിഭാഗം സർവേ നടത്തി അഴിമുഖത്തിന്റെ ആഴവും അടിഞ്ഞു കൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തിയിരുന്നു ഇതിൻ്റെ റിപ്പോർട്ടും എൻ ഐ ഒ ടി സംഘത്തിന് കൈമാറിയിട്ടുണ്ട്. ശാസ്ത്രജ്ഞരായ എ എസ് കിരൺ,ശ്യാമള വർദ്ധിനി, രാംകുമാർ, സീനിയർ എഞ്ചിനിയർ ടി ലോകേഷ്, ഹാർബർ സൂപ്രണ്ടിംഗ് എഞ്ചിനിയർ മുഹമ്മദ് അൻസാരി, എക്സിക്യുട്ടീവ് എഞ്ചിനിയർ എം ടി രാജീവ്, ഹൈഡ്രോ ഗ്രാഫിക്ക്അ സർവ്വേ വിഭാഗം എ ഇ ഷാൽബി ജോസഫ് എന്നിവർ സംബന്ധിച്ചു.
