കുറ്റിപ്പുറം : കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 21 ഷട്ടറുകളുടെ നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന ഒൻപത് ഷട്ടറുകളുടെ നിർമാണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും.ഇതോടെ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണവും പൂർണമാകും. എന്നാൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ കുറ്റിപ്പുറം, കുമ്പിടി ഭാഗത്തെ അനുബന്ധ റോഡുകൾക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ വേണ്ടത്ര വേഗമില്ലാത്തത് പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
റെഗുലേറ്റർ കം ബ്രിഡ്ജിന്റെ കുറ്റിപ്പുറം ഭാഗത്തെ അനുബന്ധ റോഡിനുള്ള സ്ഥലമെടുപ്പ് സംബന്ധിച്ച് സർക്കാർ ഡിസംബറിൽ ഇറക്കിയ വിജ്ഞാപനത്തിൽ അപാകമുണ്ട്.സ്ഥലം വിട്ടുനൽകുന്ന കുറ്റിപ്പുറം ഭാഗത്തെ 63 പേരുടെ പട്ടികയിൽ ഉൾപ്പെടാത്ത 14 പേരുടെ ഭൂമിയാണ് വിജ്ഞാപനത്തിൽ ഇടംപിടിച്ചത്. അതിനെതിരേ അവർ പാലക്കാട് സ്ഥലമെടുപ്പ് വിഭാഗം തഹസിൽദാർക്ക് പരാതി നൽകിയിട്ടുണ്ട്. ഇനി യഥാർഥ ഭൂവുടമകളുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം വീണ്ടും ഇറക്കേണ്ടതുണ്ട്. \
14 പേരുടെ ഒഴികെ സ്ഥലം വിട്ടുനൽകുന്നവരിൽനിന്ന് ഭൂമിയുടെ രേഖകൾ സ്ഥലമെടുപ്പ് വിഭാഗം ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.മേയ് 31-നകം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാണ് നിലവിലെ തീരുമാനമെങ്കിലും അനുബന്ധ റോഡിനുള്ള സ്ഥലമെടുപ്പ് മാർച്ചിലെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ റെഗുലേറ്റർ കം ബ്രിഡ്ജ് സമയബന്ധിതമായി തുറന്നുകൊടുക്കാനാവൂ.