എടപ്പാൾ : ചേകന്നൂരിൽ ദിവസങ്ങളായി നടക്കുന്ന കുന്നിടിക്കൽ മൂലം പ്രദേശമനുഭവിക്കുന്നത് വലിയ ദുരിതം. വലിയൊരുകുന്ന് മരങ്ങളെല്ലാം കടപുഴക്കിയെറിഞ്ഞ് ഒന്നാകെ നിരപ്പാക്കിയിട്ടുണ്ട്.മണ്ണു കൊണ്ടുപോകുന്ന പാതയുടെ ദൃശ്യംപോലും പ്രദേശവാസികളെ ഞെട്ടിച്ചു. മണ്ണും പൊടിയും നിറഞ്ഞുകിടക്കുന്ന പാതയിലൂടെ നടക്കാൻപോലുമാവാതെ ജനങ്ങൾ ബുദ്ധിമുട്ടിുകയാണ്.
പ്രദേശത്തിന്റെ സമാധാനമില്ലാതാക്കിയും ജലസ്രോതസ്സുകളെപ്പോലുമില്ലാതാക്കുംവിധവും നടക്കുന്ന മണ്ണെടുപ്പ് ഇനി ഒരു കാരണവശാലുമനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് റവന്യൂ അധികാരികൾ ചൊവ്വാഴ്ച നാട്ടുകാരുടെയും സ്ഥലമുടമയുടെയും മണ്ണെടുപ്പുകാരുടെയും യോഗംവിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു.ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കാര്യങ്ങളെത്തിക്കാനും പാരിസ്ഥിതിക പഠനംനടത്തിമാത്രം മണ്ണെടുപ്പിന് അനുവാദം നൽകാനുമാണ് തീരുമാനം. പ്രത്യേക ആവശ്യമൊന്നും കാണിക്കാതെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് 2,500 ലോഡ് മണ്ണെടുക്കാനുള്ള അനുവാദം പുത്തനത്താണിയിലെ മണ്ണുമാഫിയ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് ശ്മശാനത്തിനായി വാങ്ങിയിട്ടിരുന്ന സ്ഥലത്തിനടുത്തുനിന്നാണ് നിലവിലെ മണ്ണെടുപ്പ്. പാരിസ്ഥിതികാഘാത പഠനം നടത്താതെ ഒരിടത്തുനിന്നും മണ്ണെടുക്കരുതെന്ന് ചൂരൽമല ദുരന്തത്തിനുശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുപോലും പാലിക്കാതെയാണ് ചേകന്നൂരിൽ മണ്ണെടുക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ, ആർ.ഡി.ഒ., വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും സമർപ്പിച്ചിട്ടുണ്ട്.ശ്രീജ പാറക്കൽ, എസ്. സുജിത്, പി.കെ. രാമചന്ദ്രൻ, കെ. സുബ്രഹ്മണ്യൻ, കെ.പി. മോഹനൻ എന്നിവരാണ് നാട്ടുകാർക്കായി ചർച്ചയിൽ പങ്കെടുത്തത്.