എടപ്പാൾ : സ്വകാര്യ ബസുകൾക്കെതിരേ വിദ്യാർഥികളുടെയും ഒരു വിഭാഗം രക്ഷിതാക്കളുടെയും അക്രമം വർധിച്ചുവരുന്നതിൽ പ്രതിഷേധിച്ച് ബുധനാഴ്ച നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരത്തിൽനിന്ന് ബസുടമകൾ പിൻമാറി. ബസിന്റെ ചില്ല് എറിഞ്ഞുടച്ച വിദ്യാർഥിയെ കണ്ടെത്തിയശേഷം പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.
പൊന്നാനി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ എന്നീ സംഘടനകളാണ് പൊന്നാനി താലൂക്കിൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൊന്നാനിയിൽനിന്ന് എടപ്പാളിലേക്ക് വരികയായിരുന്ന സിന്ദൂരം ബസിന്റെ പുറകിലെ ചില്ല് ഒരു വിദ്യാർഥി കല്ലെറിഞ്ഞ് തകർത്തിരുന്നു. മറ്റൊരു ബസിനെ കാറിലെത്തിയ ഒരു സംഘം തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന വിദ്യാർഥികളെ ബലമായി ബസിൽ കയറ്റിച്ച സംഭവവുമുണ്ടായി.
ബസിന്റെ ചില്ല് പൊട്ടിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് നഷ്ടപരിഹാരം ബസുടമയ്ക്ക് നൽകി. സ്‌കൂളുകൾക്ക് മുന്നിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികളെ വരിനിർത്തി കയറ്റാനുള്ള സംവിധാനമുണ്ടാക്കാനും ധാരണയായി.മേലിൽ ഇത്തരം സംഭവങ്ങളാവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി. ബസുടമസ്ഥസംഘം ഭാരവാഹികളായ യു.കെ. മുഹമ്മദ്, സുബ്രു സിന്ദൂരം, ശശി കുട്ടത്ത് എന്നിവർ പങ്കെടുത്തു.