കുറ്റിപ്പുറം : നഗരത്തിലെ ബസ് സ്റ്റാൻഡിലുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസം ഏഴായി. മീറ്ററിനു സമീപത്തെ സ്വിച്ച് ബോർഡ് തുരുമ്പെടുത്ത് നശിച്ചു.ലൈറ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ എർത്ത് അനുഭവപ്പെടുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായതോടേ കെ.എസ്.ഇ.ബി. ഹൈമാസ്റ്റ് ലൈറ്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. സ്വിച്ച് ബോർഡ് മാറ്റിസ്ഥാപിച്ചാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുനൽകാമെന്ന് കെ.എസ്.ഇ.ബി. പഞ്ചായത്ത് അധികൃതരെ അറിയിച്ചു.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സ്വിച്ച് ബോർഡ് മാറ്റിസ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഒമ്പത് ലൈറ്റ് യൂണിറ്റുകളുള്ള ഹൈമാസ്റ്റ് ലൈറ്റിലെ ആറു ബൾബ് യൂണിറ്റുകളും വർഷങ്ങളായി പ്രവർത്തനരഹിതമാണ്.പ്രവർത്തനക്ഷമമായ മൂന്നെണ്ണവും ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ തൂങ്ങിനിൽക്കുകയുമാണ്. പ്രതിദിനം നിരവധി യാത്രക്കാരും ബസുകളും കടന്നുപോകുന്നത് ഈ ഹൈമാസ്റ്റ് ലൈറ്റിനു സമീപത്തുകൂടിയാണ്. തൂങ്ങിനിൽക്കുന്ന ബൾബ് യൂണിറ്റുകൾ വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്. രാത്രിയിൽ ബസ് സ്റ്റാൻഡിന് വെളിച്ചം നൽകുന്നത് ഈ ഹൈമാസ്റ്റ് ലൈറ്റ് മാത്രമായിരുന്നു.