തവനൂർ : കുറ്റിപ്പുറം-പൊന്നാനി പഴയ ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതപൂർണം. ശുദ്ധജലവിതരണ പൈപ്പ് ഇടാനായി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് ഇതുവഴിയുള്ള യാത്ര ദുരിതത്തിലായത്. തകർന്ന റോഡിലൂടെയുള്ള യാത്ര വൻ നഷ്ടമാണുണ്ടാക്കുന്നതെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നുമാണ് ബസ് ഉടമകൾ പറയുന്നത്. ചൊവ്വാഴ്ചമുതൽ അനിശ്ചതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകൾ. അയങ്കലംമുതൽ മുവ്വാങ്കരവരെയുള്ള ഭാഗത്തെ യാത്ര ഏറെ ദുഷ്‌കരമാണ്. മഠത്തിൽപ്പടിക്കു സമീപംവരെ റോഡിൽ ഒരിടത്തുപോലും ടാറില്ല.
കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെയാണ് ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്നത്. റോഡ് തകർന്നതിനാൽ ഈ ഭാഗത്ത് പൊടിശല്യവും കൂടുതലാണ്.ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും പൊടിയിൽ കുളിച്ചാണ് ഇതുവഴി കടന്നുപോകുന്നത്.
പൊടിശല്യംകാരണം വ്യാപാരികളും ദുരിതത്തിലാണ്.
തവനൂർ റോഡ്മുതൽ അയങ്കലംവരെ ഒരുവശത്തുമാത്രമാണ് ടാർചെയ്ത റോഡുള്ളത്. മഠത്തിൽപ്പടിമുതൽ തവനൂർവരെയും സ്ഥിതി ഇതുതന്നെയാണ്. പൊന്നാനിയിലേക്ക് പോകുമ്പോൾ ദുരിതയാത്ര തീരണമെങ്കിൽ നരിപ്പറമ്പ് കഴിയണം. നരിപ്പറമ്പുമുതൽ പൊന്നാനിവരെയാണ് നല്ല റോഡുള്ളത്. റോഡിന്റെ തകർച്ചമൂലം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുന്നതും പതാവായിരിക്കുകയാണ്. ബസുകളുടെ ലീഫും ആക്‌സിലുമെല്ലാം മുറിയുന്നതിനാൽ വൻ നഷ്ടമാണ് ഓരോദിവസവുമെന്നാണ് ബസ് ഉടമകൾ പറയുന്നത്.
തകർന്ന റോഡ് ശരിയാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ബസ് ഉടമകൾ പറയുന്നു. മൂന്നുതവണ തഹസിൽദാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയെങ്കിലും ഉടൻ ശരിയാക്കിത്തരാമെന്ന് ഉറപ്പുനൽകിയതല്ലാതെ നടപടിയുണ്ടായില്ല.കഴിഞ്ഞമാസത്തിനുള്ളിൽ ശരിയാക്കിത്തരാമെന്നായിരുന്നു അവസാനമായി നൽകിയ ഉറപ്പ്. അതും പാലിക്കപ്പെടാതായതോടെയാണ് സമരം നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചത്.
നഷ്ടം സഹിച്ച് മുന്നോട്ടുപാകാനാകില്ല
ഓരോദിവസവും അറ്റകുറ്റപ്പണിക്കായി വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്.ആക്‌സിലും ലീഫും മുറിയുന്നതിനാൽ പലദിവസങ്ങളിലും ട്രിപ്പ് മുടങ്ങും. നഷ്ടംസഹിച്ച് ഇനിയും തകർന്ന റോഡിലൂടെ സർവീസ് നടത്താൻ ബുദ്ധിമുട്ടായതിനാലാണ് ചൊവ്വാഴ്ചമുതൽ സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
നന്ദൻ കല്ലൂർ
ബസ് ഉടമ