തിരൂർ : തിരൂരിൽ രണ്ടു പോലീസുകാരുടെ സസ്‌പെൻഷന് കാരണമായി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട കഞ്ചാവുകേസിലെ പ്രതി മൂന്നുമാസത്തിനുശേഷം തിരൂർ പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ ബർദ്ധമാൻ ജില്ലയിൽ ഗുഗുധാങ്ങയിലെ മുഷ്റഫ് അബ്ദുള്ള ഷെയ്ക്കിനെ (22) കൽപ്പകഞ്ചേരി ചെട്ടിയാംകിണറിലെ വാടക ക്വാർട്ടേഴ്സിൽനിന്നാണ് എസ്.ഐ. ആർ.പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.മുഷ്റഫ് അബ്ദുള്ള ഷെയ്ക്കിനെയും കൂട്ടാളി ഹൂഗ്ലിക്കടുത്ത ഗോഷ്്‌പുകുർ സ്വദേശി ജഹറുൽ മോണ്ടലിനെയും കഴിഞ്ഞ നവംബർ നാലിന് രാത്രി തിരൂർ പാൻബസാറിലെ ക്വാർട്ടേഴ്സിൽനിന്ന് രണ്ടുകിലോയിലേറെ കഞ്ചാവും കഞ്ചാവ് വിറ്റ് ലഭിച്ച 19,000 രൂപയുമായിട്ടായിരുന്നു തിരൂർ പൊലീസ് പിടികൂടിയത്. റിമാൻഡുചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകാൻ കോടതിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പ്രതി വിലങ്ങ് ഊരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. തിരൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരാണ് പ്രതികളോടൊപ്പമുണ്ടായിരുന്നത്