മലപ്പുറം : ജില്ലയിൽ 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി നാലുവരെ 4363 റെയ്ഡുകളിലായി രജിസ്റ്റർചെയ്തത് 562 അബ്കാരി കേസുകൾ. 326 എൻ.ഡി.പി.എസ്. കേസുകളും 2,062 കോട്പ കേസുകളും രജിസ്റ്റർചെയ്തു. അബ്കാരി കേസുകളിൽ 29 വാഹനങ്ങളും എൻ.ഡി.പി.എസ്. കേസുകളിൽ 10 വാഹനങ്ങളും കണ്ടെടുത്തു. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉത്പാദനവും വിപണനവും തടയാൻ കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സരിന്റെ അധ്യക്ഷതയിൽച്ചേർന്ന യോഗം തീരുമാനിച്ചു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. ജയരാജ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽകരീം, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നൗഷാദ്, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അലി തുടങ്ങിയവർ പങ്കെടുത്തു