കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പോലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍മാരോടാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

‘ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രഥമദൃഷ്ട്യാ കല്‍പ്പനയില്ല’,കോടതി നിരീക്ഷിച്ചു.

ആരാധനാലായങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഉത്തരവ്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ കളക്ടര്‍ നല്‍കുന്ന ലൈസന്‍സ് വേണമെന്നും കേരളത്തിലെ ചുരുക്കം ചില ആരാധനാലയങ്ങളുടെ പക്കല്‍ മാത്രമേ അത്തരമൊരു ലൈസന്‍സ് ഉള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കരിമരുന്ന് പ്രയോഗം വായു മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുക മാത്രമല്ല സമാധാനം അലോസരപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്ക നടപടിയെടുക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 നേക്ക് മാറ്റി വെച്ചിട്ടുണ്ട്

Related Post

Leave a Reply

Your email address will not be published. Required fields are marked *