പൊന്നാനി ∙ കൊപ്പം – വളാഞ്ചേരി പാതയിലെ ഒന്നാന്തിപ്പടിയിൽ തിരക്കേറിയ റോഡിലേക്ക് കളിപ്പാട്ടങ്ങളുമായി നടന്ന ഒന്നരവയസ്സുകാരനെ വാരിയെടുത്ത് രക്ഷപ്പെടുത്തിയത് പൊന്നാനിക്കാരൻ മുസീർ. മുസീർ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.പൊന്നാനി ഹാർബർ പ്രദേശത്ത് പുനർഗേഹം ഭവന സമുച്ചയത്തിലാണ് മുസീർ താമസിക്കുന്നത്. പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ച് കാറിൽ മടങ്ങുന്നതിനിടെയാണ് സംഭവം.
വീട്ടിൽ നിന്ന് ആരുടെയും ശ്രദ്ധയിൽപെടാതെ പുറത്തെത്തിയ കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് നടന്നു പോകുകയായിരുന്നു. വാഹനങ്ങൾക്കടുത്തേക്ക് എത്തുന്നതിന്റെ ഏതാനും സെക്കൻഡുകൾക്ക് മുൻപായിരുന്നു മുസീറിന്റെ ഇടപെടൽ. മുൻപിലേക്കുപോയ കാർ പെട്ടെന്നു തന്നെ പിറകോട്ടെടുത്ത് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഉമ്മയും അമ്മാവന്റെ മകൻ അജ്മലും സുഹൃത്തുക്കളായ യൂസഫും നസറുദ്ദീനും കാറിലുണ്ടായിരുന്നു.