കുറ്റിപ്പുറം : ‌ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ ഖനനം ചെയ്ത് വിൽപന നടത്താനുള്ള സർക്കാർ നീക്കം അന്തിമഘട്ടത്തിലേക്ക്. നിളയിൽ നിർമാണം പുരോഗമിക്കുന്ന കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ ഇരുവശത്തുനിന്നുമാണ് ആദ്യം മണൽ ഖനനം ചെയ്ത് വിൽപന നടത്തുക. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. റഗുലേറ്റർ പ്രദേശത്തെ 2 കിലോമീറ്റർ ചുറ്റളവിലെ മണൽ ശേഖരം 24 മാസംകൊണ്ട് ഖനനം ചെയ്ത് വിൽപന നടത്താനാണ് ടെൻഡർ. കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ ഇരുവശത്തു നിന്നുമായി 250 യികോടിലേറെ രൂപയുടെ മണൽ വാരാനാണു നീക്കം.

ഖനനം ചെയ്ത മണൽ വിൽപന നടത്തി പണം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിലേക്ക് അടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ടെൻഡർ നടപടികൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ കാലങ്ങളിലെ പ്രളയങ്ങളിൽ ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയ വൻ മണൽ സമ്പത്ത് ഖനനം ചെയ്ത് വിൽപന നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജ് പ്രദേശത്തെ മണൽവാരൽ. 3 മീറ്റർ ആഴത്തിൽ ഖനനം ചെയ്ത് മണലെടുക്കാനാണ് അനുമതി.

റഗുലേറ്റർ കം ബ്രിജിന്റെ വെള്ളം സംഭരിക്കുന്ന ഭാഗത്തുനിന്നും വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തുനിന്നും മണൽ ഖനനം ചെയ്യും. വലിയ ഡ്രജറുകളും എസ്കവേറ്ററുകളും ഉപയാഗിച്ചായിരിക്കും മണൽവാരൽ. 24 മാസം കൊണ്ട് നിശ്ചിത പ്രദേശത്തെ മണൽ ഖനനം ചെയ്യണമെന്നാണ് ടെൻഡറിലെ നിർദേശം. ഈ ഭാഗത്തെ ഖനനം ആരംഭിച്ച ശേഷമായിരിക്കും ഭാരതപ്പുഴയിലെ മറ്റു ഭാഗങ്ങളിലെ മണലെടുപ്പിനു പദ്ധതി തയാറാക്കുക. ഹരിത ട്രൈബ്യൂണലിന്റെ വിലക്കിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് ഭാരതപ്പുഴയിലെ മണലെടുപ്പ് നിർത്തിവച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് പഞ്ചായത്തുകളിലെ മണൽകടവുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

ആഴത്തിലുള്ള ഖനനം ആശങ്കയ്ക്കിടയാക്കും
ഭാരതപ്പുഴയിൽ 2 കിലോമീറ്ററോളം പ്രദേശത്ത് 3 മീറ്റർ താഴ്ചയിൽ മണൽ വാരാനുള്ള പദ്ധതി തയാറാക്കിയത് പാരിസ്ഥിതാഘാത പഠനം നടത്താതെയെന്ന് ആരോപണം. വർഷങ്ങൾക്ക് മുൻപാണ് ഭാരതപ്പുഴയിൽ നിന്നുള്ള മണലെടുപ്പ് ചെന്നൈ ഹരിത ട്രൈബ്യൂണൽ തടഞ്ഞത്. ട്രൈബ്യൂണലിന്റെ ഉത്തരിവിനു മുൻപ് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കടവുകളിൽ തൊഴിലാളികളെ ഉപയോഗിച്ചാണ് മണൽ വാരിയിരുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ലോറികൾക്കും മണ്ണുമാന്തിയന്ത്രങ്ങൾക്കും പുഴയിൽ ഇറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. മണലെടുക്കാൻ പുഴയിൽ ഇറങ്ങിയിരുന്ന ലോറികൾ അടക്കം അന്ന് പിടികൂടിയിരുന്നു.

ഇത്തരം മണലെടുപ്പ് നിർത്തി വർഷങ്ങൾക്ക് ശേഷമാണ് ഭാരതപ്പുഴയിൽ നിന്ന് വൻതോതിലുള്ള മണലെടുപ്പിന് നടപടിയാകുന്നത്. കപ്പലുകൾക്ക് വഴിയൊരുക്കാൻ മണ്ണു നീക്കുന്ന ജിപിഎസ് സംവിധാനമുളള വലിയ ഡ്രജറുകളും ബുൾഡോസറുകളും മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ചായിരിക്കും മണൽ ഖനനമെന്ന് ടെൻഡറിൽ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള മണൽ ഖനനം പുഴയോരത്ത് താമസിക്കുന്നവരെ എങ്ങനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *