തവനൂർ : അയങ്കലത്തെ അക്ഷരസ്‌നേഹികളുടെ സ്വപ്‌നസാഫല്യമാണ് അഞ്ചുവർഷം മുൻപ് ആരംഭിച്ച ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്‌മാരക വായനശാല. 1970-80 കാലഘട്ടത്തിൽ അയങ്കലം പഴയ ആശുപത്രിക്കു സമീപം ‘ജ്ഞാനോദയം’ എന്ന പേരിൽ രൂപംനൽകിയ വായനശാലയാണ് പഴയ തലമുറ ഓർമിച്ചെടുക്കുന്ന ആദ്യ വായനശാല. നാടകാവതരണം, സൗജന്യ ട്യൂഷൻ, സാമൂഹികപ്രവർത്തനങ്ങൾ തുടങ്ങി സന്നദ്ധസംഘടനയും കലാസമിതിയുമായി നാടിന്റെ ഹൃദയമായി പ്രവർത്തിച്ചു ‘ജ്ഞാനോദയം’ വായനശാല. കെട്ടിടസൗകര്യം നഷ്ടപ്പെടുകയും സംഘാടകരിൽ പലരും ജോലിക്കാരായി കൂടുമാറുകയും ചെയ്തപ്പോൾ വായനശാലയും നാമാവശേഷമായി.
പിന്നീട്, നാട്ടിൽ ഒരു വായനശാല എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് അയങ്കലത്തെ ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്‌മാരക വായനശാലയുടെ ആരംഭത്തോടുകൂടിയാണ്. അയങ്കലത്തെ പൗരപ്രമുഖനായിരുന്നു ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ സ്‌മരണാർഥം പണിത കെട്ടിടത്തിൽ വായനശാല പ്രവർത്തിക്കുന്നതിന് കുടുംബം സൗകര്യമൊരുക്കിത്തന്നു.പ്രവർത്തനമാരംഭിച്ച് അധികകാലം പിന്നിടുന്നതിന് മുൻപുതന്നെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടി.
2020-ൽ ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. ‘ഡി’ ഗ്രേഡിൽ വരുന്ന വായനശാലയിൽ റഫറൻസ് വിഭാഗത്തിലടക്കം മൂവായിരത്തോളം പുസ്തകങ്ങളും പ്രധാനപ്പെട്ട പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.
വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ പരിസ്ഥിതിബോധവും വായനശീലവും ഭാഷാവബോധവും സർഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസുകളും ക്യാമ്പുകളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈനിലൂടെ സജീവമായി. സാഹിത്യപരവും സാംസ്‌കാരികവുമായ ഒട്ടേറെ വിഷയങ്ങളെ അധികരിച്ച് ഓൺലൈൻ സംവാദങ്ങൾ നടത്തിയാണ് ആ കാലത്തെ നിശ്ചലതയെ വായനശാല മറികടന്നത്. വലിയ സ്വീകാര്യത നേടിത്തന്ന ‘സംവാദം’ ഓൺലൈൻ കൂട്ടായ്‌മ ഇപ്പോൾ അൻപതുമാസം പിന്നിട്ടു.
വിരമിച്ച ഉദ്യേഗസ്ഥരടക്കം പ്രദേശത്തെ പ്രായമായവരിൽ പലരും വായനശാലയിലെ നിത്യസന്ദർശകരാണ്. സാഹിത്യവും പൊതുകാര്യങ്ങളും ചർച്ചചെയ്ത് അവർ സായാഹ്നങ്ങളെ സജീവമാക്കും. വായനശാല ആവിഷ്‌കരിക്കുന്ന പദ്ധതികൾ അനുഭാവപൂർവം പരിഗണിച്ചും ഭൗതികസാഹചര്യങ്ങൾ ഒരുക്കിത്തന്നും തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രോത്സാഹനം നൽകാറുണ്ട്. പഞ്ചായത്തിന്റെ പുരോഗമന, ജനസേവന പദ്ധതികളായ ലഹരിവിരുദ്ധ കാമ്പയിനുകളിലും മാലിന്യനിർമാർജന പദ്ധതികളിലും വായനശാലയും ചേർന്നു പ്രവർത്തിക്കുന്നുണ്ട്.
എ.കെ. അബ്ദുറഹ്‌മാൻ പ്രസിഡന്റും ടി.പി. സുബ്രഹ്മണ്യൻ സെക്രട്ടറിയും പി. സുധാകരൻ വൈസ് പ്രസിഡന്റും വി.കെ. കൃഷ്ണകുമാർ ജോയിന്റ് സെക്രട്ടറിയുമായ ഭരണസമിതിയാണ് വായനശാലയെ നയിക്കുന്നത്. അഷ്ടമി, ആദിത്യദേവ് തുടങ്ങിയവർക്കാണ് ബാലവേദിയുടെ ചുമതല. എ.കെ. പ്രേമലതയും ജയശ്രീ മങ്ങാട്ടും വനിതാവേദിയുടെ ചുമതല വഹിക്കുന്നു.