എടപ്പാൾ (മലപ്പുറം) ∙ ഇവൾ ജീവിക്കുന്ന ഇരയാണ്. 10 വർഷം പിന്നിട്ടിട്ടും ക്രൂരമായ റാഗിങ്ങിന്റെ ആഘാതത്തിൽനിന്നു കരകയറാനാവാതെ ഇവിടെ, ഇങ്ങനെയൊരു ദലിത് പെൺകുട്ടി. 9 വർഷത്തിലേറെ വീട്ടിലെ മുറിക്കകത്ത് ഏകാന്തതയിലായിരുന്നിവൾ; യാതനകൾ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നവൾ. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം റാഗിങ്ങിനിടെ ബലമായി കുടിപ്പിച്ചതിനെ തുടർന്ന് അന്നനാളം തകരാറിലായതിനുള്ള ചികിത്സയുമുണ്ട്.
നിർധനയായ ദലിത് പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങളും ഭാവിയും 10 വർഷം മുൻപ് തകർത്തുകളഞ്ഞത് കർണാടകയിലെ കലബുറഗി അൽഖമർ കോളജ് ഓഫ് നഴ്സിങ്ങിലെ സീനിയർ വിദ്യാർഥിനികൾ. 2015 ജൂണിലാണു സംഭവം. ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു എടപ്പാൾ സ്വദേശിനി.
വിവസ്ത്രയായി നൃത്തം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം ബലംപ്രയോഗിച്ചു കുടിപ്പിച്ചു. അതിക്രൂരമായ റാഗിങ്ങിന്റെ രംഗങ്ങൾ മൊബൈലിൽ പകർത്തി. അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സീനിയേഴ്സ് ഇടപെട്ടു ഡിസ്ചാർജ് ചെയ്യിച്ചു. പിന്നീടു സഹപാഠികൾ നാട്ടിലെത്തിച്ചു. വെള്ളം ഇറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 49 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണു ജീവിതത്തിലേക്കു തിരിച്ചുവന്നത്. ഏറെനാൾ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി.
കോഴിക്കോട് ജെഡിടി ഇസ്‌ലാം ട്രസ്റ്റ് കോളജ് അധികൃതർ സൗജന്യപഠനവും താമസവുമൊരുക്കിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ തുടർന്നതോടെ പഠനം മുടങ്ങി. അന്നനാളത്തിനു കേടുപറ്റിയതിനാൽ ഭക്ഷണം ബുദ്ധിമുട്ടാണ്. ഛർദിയുമുണ്ട്. ചുരുങ്ങിച്ചെറുതാകുന്ന അന്നനാളം പൂർവാവസ്ഥയിലാക്കാൻ ചികിത്സ തുടരുന്നു. ആളുകളെ കാണാൻപോലും ഭയന്ന് 9 വർഷം വീട്ടിൽനിന്നു പുറത്തിറങ്ങാതിരുന്നു. ക്രൂരപീഡനങ്ങളുടെ ഓർമകൾ തികട്ടിവരുമ്പോഴൊക്കെ മാനസിക ബുദ്ധിമുട്ടുകൾ പതിവായി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തുടർ ചികിത്സകളിലൂടെയും അവിടത്തെ സൈക്കോളജിസ്റ്റിന്റെ നിരന്തര പിന്തുണയോടെയും സാധാരണ നിലയിലേക്കു മടങ്ങാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മാസം ബ്യൂട്ടിഷ്യൻ കോഴ്സ് പൂർത്തിയാക്കി. ഒരാഴ്ച മുൻപു കോഴിക്കോട്ടെ സ്ഥാപനത്തിൽ ചെറിയ ജോലിയിൽ പ്രവേശിച്ചു. ചികിത്സ തേടാനുള്ള സൗകര്യം പരിഗണിച്ച് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തു വാടകയ്ക്കു താമസം തുടങ്ങി.
ഇടുക്കി, കൊല്ലം, കടുത്തുരുത്തി സ്വദേശികളായ 4 പെൺകുട്ടികളായിരുന്നു പ്രതിസ്ഥാനത്ത്. കോഴിക്കോട് പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ ജാമ്യത്തിലിറങ്ങി. പ്രതികൾ പഠനം പൂർത്തിയാക്കി വിദേശത്തുൾപ്പെടെ ജോലികളിൽ പ്രവേശിച്ചതായാണ് അറിവെന്ന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
പിതാവ് ഉപേക്ഷിച്ചു പോയതോടെ അമ്മ കൂലിപ്പണി ചെയ്തു പുലർത്തിയിരുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു പെൺകുട്ടി. നാലുലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണു നഴ്സിങ് പഠനത്തിനയച്ചത്. ആദ്യഗഡു കോളജിൽ അടയ്ക്കുകയും ചെയ്തു. വായ്പ പിന്നീടു ബാങ്ക് ഒഴിവാക്കിക്കൊടുത്തു. 6 മാസം മാത്രം പഠിച്ച പെൺകുട്ടിക്കു സർട്ടിഫിക്കറ്റുകളോ അടച്ച ഫീസോ കോളജ് അധികൃതർ തിരികെ നൽകിയില്ല. കേസ് ഒത്തുതീർക്കാൻ പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമെല്ലാം രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചുൾപ്പെടെ പ്രതികൾ പലതവണ സമീപിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.