തിരുനാവായ : വൈരങ്കോട് വലിയ തീയാട്ടുത്സവം വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.ഉത്സവത്തിന്റെ ഭാഗമായി വൈരങ്കോട് ഭഗവതീക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോകുന്ന ഇണപ്പൊയ്‌ക്കാളകളെ അണിയിച്ചൊരുക്കുന്ന ‘കാളക്കല്യാണം’ വ്യാഴാഴ്ച വിവിധ ദേശങ്ങളിൽ നടന്നു. നാടൻ കലാരൂപങ്ങളുടെയും നാടൻപാട്ടിന്റെയും അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്. അലങ്കരിച്ച ഇണപ്പൊയ്‌ക്കാളകളെ കാണാൻ നിരവധി പേരാണ് ഓരോ ദേശത്തും എത്തിയത്.
വെള്ളിയാഴ്ച ഉച്ചമുതൽ ദേശവരവുകൾ വിവിധ കലാരൂപങ്ങളോടെ പുറപ്പെടും. 75-ഓളം ഇണപ്പൊയ്‌ക്കാളകളാണ് ദേവസ്വത്തിൽ രജിസ്റ്റർ ചെയ്തത്. ട്രോമാകെയർ വൊളന്റിയർമാരുടെ സേവനവുമുണ്ടാകും. വ്യാഴാഴ്ച രാത്രി മാജിക്‌ഷോ നടന്നു.
വലിയ തീയാട്ടുദിവസമായ വെള്ളിയാഴ്ച രാവിലെ പത്തിന് തന്ത്രിയുടെ കാർമികത്വത്തിൽ ഉച്ചപ്പൂജയും തുടർന്ന് പറ നിറയ്ക്കലും വെള്ളരി നിവേദ്യവും നടക്കും. 12-ന് തീയാട്ടുകൊള്ളൽച്ചടങ്ങും തോറ്റം ചൊല്ലലുമുണ്ടാകും. വൈകീട്ട് 3.50-ന് കാവുതീണ്ടൽച്ചടങ്ങ് നടക്കും. അഞ്ചുമണിക്ക്, വർഷത്തിൽ തീയാട്ടുത്സവ ദിവസമായ വെള്ളിയാഴ്ച മാത്രം തുറക്കുന്ന കിഴക്കേനട തുറക്കും. രാത്രി ഒൻപതിന് മേലരിക്ക് തീ കൊളുത്തൽ.
ശനിയാഴ്ച പുലർച്ചെ മുടിയാട്ടം, ചുരിക പിടിത്തം കല്പന, 4.30-ന് കനലാട്ടം എന്നിവ നടക്കും. തുടർന്ന് അരി അളവോടെ ഉത്സവം സമാപിക്കും.
ഇന്ന് ഗതാഗതനിയന്ത്രണം
വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ വലിയ തീയാട്ട് ഉത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വരവാഘോഷങ്ങൾ കടന്നുവരുന്ന ഭാഗങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പട്ടർനടക്കാവ് വഴി തിരുനാവായ-പുത്തനത്താണി റൂട്ടിലൂം മുക്കിലപ്പീടിക-പട്ടർനടക്കാവ് റൂട്ടിലും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. കോലൂപ്പാലം-മുക്കിലപ്പീടിക വഴിയും അല്ലൂർ റോഡ് ജങ്ഷൻ-മുക്കിലപ്പീടിക വഴിയും വാഹനങ്ങൾ കടത്തിവിടില്ല.
വാഹന പാർക്കിങ് ഇങ്ങനെ
കോലൂപ്പാലം-മുക്കിലപ്പീടിക റൂട്ടിൽ വെള്ളരിയിൽ ഓഡിറ്റോറിയം, എ.എം.എൽ.പി. സ്കൂൾ തെക്കൻ കുറ്റൂർ എന്നിവിടങ്ങളിലും പുല്ലൂർ-മുക്കിലപ്പീടിക റൂട്ടിൽ പഴയേടത്ത് ശിവക്ഷേത്ര ഭാഗത്തും വാഹനങ്ങൾ നിർത്തിയിടാം. രണ്ടാൽ-തെക്കൻ കുറ്റൂർ റൂട്ടിൽ എ.ഇ.എസ്. സെൻട്രൽ സ്കൂൾ, പെപ്കോ ഫുഡ് പ്രോഡക്ട്, അല്ലൂർപ്പാടം എന്നിവിടങ്ങളിലും പുത്തനത്താണി-പട്ടർനടക്കാവ് റൂട്ടിൽ കമാനം റോഡ് ഭാഗത്തെ പാടത്തും ആതവനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ടി.കെ.ബി. ഓഡിറ്റോറിയം, എസ്ക്വയർ ഓഡിറ്റോറിയം എന്നിവിടങ്ങളിലും നിർത്തിയിടാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വൈരങ്കോട് വലിയ തീയാട്ട് ഉത്സവം പ്രമാണിച്ച് തിരൂർ താലൂക്കിലെ തിരുനാവായ, കൽപകഞ്ചേരി, ആതവനാട്, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലെയും തിരൂർ നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കുശേഷം അവധി നൽകിയിട്ടുണ്ട്.