പൊന്നാനി : ഗുരുവായൂർ റോഡിൽ കുണ്ടുകടവ് പാലം വരെയുള്ള പലഭാഗങ്ങളിലും റോഡ് തകർന്നുണ്ടായ കുഴികൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു.രണ്ടുവർഷം മുൻപ് ടാറിങ് നടത്തിയ റോഡ് ജല അതോറിറ്റി പൈപ്പിടാനായി പൊളിച്ചത് ഇതുവരെ ശരിയാക്കിയിട്ടില്ല. ഇതുകൂടാതെയാണ് റോഡിൽ രൂപപ്പെട്ട കുഴികളും അപകടഭീഷണിയുയർത്തുന്നത്. കുണ്ടുകടവ് പാലംവരെയുള്ള ഭാഗത്ത് പത്തോളം സ്ഥലത്ത് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.തെരുവുവിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ ഇരുചക്രവാഹനയാത്രക്കാരും ഓട്ടോറിക്ഷക്കാരുമാണ് കുഴികളിൽ ചാടി അപകടത്തിൽപ്പെടുന്നത്.
പെട്ടെന്ന് കുഴി ശ്രദ്ധയിൽപ്പെടുമ്പോൾ വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. യാത്രക്കാർക്ക് ഭീഷണിയായ കുഴികൾ അടയ്ക്കണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടു. അപകടഭീഷണിയൊഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ ഉറപ്പുനൽകിയതായി അഷ്‌റഫ് അറിയിച്ചു.