തിരൂർ : കേരളത്തിൽ നാം കരാളരാത്രിയിലൂടെ കടന്നുപോകുകയാണെന്നും എവിടെയാണ് വെളിച്ചമുള്ളതെന്ന് അറിയില്ലെന്നും കഥാകൃത്ത് ടി. പത്മനാഭൻ. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിതി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യരചന, സാഹിത്യപഠനം സ്‌കൂളുകൾ സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്.സർവകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ടി. പത്മനാഭൻ പ്രകാശനംചെയ്തു. ഡോ. അശോക് ഡിക്രൂസിനെ ഉപഹാരംനൽകി ആദരിച്ചു. യോഗത്തിൽ വൈസ് ചാൻസലർ ഡോ. എൽ. സുഷമ അധ്യക്ഷതവഹിച്ചു.
സാഹിത്യകാരൻ പി.കെ. പാറക്കടവ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ.എം. ഭരതൻ, ഡോ. സി. ഗണേഷ്, ഡോ. എൻ.വി. മുഹമ്മദ് റാഫി, കെ. ഗായത്രി, ഡോ. കെ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിൽ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്, കെ. രേഖ, അശോകൻ ചരുവിൽ, ഷാജഹാൻ കാളിയത്ത് എന്നിവരും എം.ടി. ഓർമ്മ ആദരം പരിപാടിയിൽ വി.ആർ. സുധീഷ്, ഐ. ഷൺമുഖദാസ് തുടങ്ങിയവരും സംസാരിച്ചു. ഗായകൻ ഫിറോസ് ബാബുവും സംഘവും പി. ജയചന്ദ്രൻ സ്‌മൃതി ഗാനസന്ധ്യ അവതരിപ്പിച്ചു. മാതൃഭൂമി ബുക്‌സ് പുസ്തകമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സമാപനസമ്മേളനം നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്യും.