കുറ്റിപ്പുറം : മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട പുനർനിർമാണം നിലച്ചു. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7 കി.മീറ്റർ ദൂരം പുനഃനിർമാണ പ്രവർത്തികളാണ് നിലച്ചത്.ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്ന കരാറുകാർ നടത്തിവരുന്ന സമരത്തെത്തുടർന്നാണ് റോഡ് പുനർനിർമാണപ്രവൃത്തികൾ നിർത്തിവെക്കേണ്ടി വന്നത്.
പുനർനിർമാണപ്രവൃത്തികൾ നടക്കുന്ന സ്ഥലത്തിന്റെ പകുതിദൂരം പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞു. അതിനിടയിലാണ് കരാറുകാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്.പൈപ്പുകൾ സ്ഥാപിച്ചതിനുശേഷം മാത്രമേ റോഡ് ടാർ ചെയ്യാനുള്ള നിർമാണപ്രവർത്തികൾ തുടങ്ങാൻ കഴിയൂ. റോഡ് പുനർനിർമാണം നിലച്ചതോടെ റോഡ് പൊടിമയമാണ്. പൊടിശല്യം പരിസരവാസികൾക്കും ഇരുചക്രവാഹന യാത്രികർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ ചുങ്കംമുതൽ മൂടാൽ വരെയുള്ള 1.71 കിലോമീറ്ററും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള 2.5 കിലോമീറ്റർ ദൂരവും രണ്ട് ഘട്ടങ്ങളിലായി പുനർനിർമാണം നേരത്തേ പൂർത്തിയായതാണ്.
2013-ൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ നിർമാണം തുടങ്ങിയിട്ട് 12 വർഷമായി.നിരവധി ജനകീയ പ്രത്യക്ഷസമരങ്ങളുടെ ഭാഗമായാണ് കഴിഞ്ഞവർഷം കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയും ചുങ്കം മുതൽ മൂടാൽവരെയും പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. ഏഴുകോടി രൂപയാണ് മൂന്നാംഘട്ട പുനർനിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.