തിരൂർ : എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളുമായി ഈ വർഷത്തെ തുഞ്ചൻ ഉത്സവത്തിന് തുഞ്ചൻപറമ്പിൽ തിരിതെളിഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് മുൻ ചെയർമാനായിരുന്ന എം.ടി. വിട പറഞ്ഞശേഷമുള്ള ആദ്യ തുഞ്ചൻ ഉത്സവം അദ്ദേഹത്തിനുള്ള ആദരമായാണ് നടക്കുന്നത്.അഞ്ചുദിവസത്തെ തുഞ്ചൻ ഉത്സവം പ്രമുഖ തമിഴ് നോവലിസ്റ്റും കഥാകാരിയുമായ ശിവശങ്കരി ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് ചെയർമാൻ വൈശാഖൻ അധ്യക്ഷത വഹിച്ചു. പുസ്തകോത്സവം എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും ഫോട്ടോ-ചിത്രപ്രദർശനം കുറുക്കോളി മൊയ്തീൻ എം.എൽ.എ.യും ഉദ്ഘാടനംചെയ്തു.
ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ., ഡോ. കെ. ശ്രീകുമാർ, കെ.എസ്. വെങ്കിടാചലം, പി.പി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. കെ.സി. നാരായണൻ തുഞ്ചൻസ്മാരക പ്രഭാഷണം നടത്തി. കെ. ശ്യാമ കാവ്യമാലപിച്ചു. രാവിലെ ജി.കെ. റാം മോഹൻ തുഞ്ചൻകൃതികൾ പാരായണം ചെയ്തതോടെ പരിപാടികൾക്കു തുടക്കമായി.കോളേജ് വിദ്യാർഥികൾക്കായി ദ്രുതകവിതാമത്സരമുണ്ടായി. കോളേജ് വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരത്തിൽ ഡോ. കെ. ശ്രീകുമാർ ക്വിസ് മാസ്റ്ററായി. ആകാശവാണി കോഴിക്കോട് നിലയം കവിയരങ്ങ് സംഘടിപ്പിച്ചു.
വൈകീട്ട് തുഞ്ചൻ കലോത്സവം ചലച്ചിത്രനടൻ വിനീത് ഉദ്ഘാടനംചെയ്തു. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടിവരികയാണെന്നും ഇതിന് തടയിടാൻ ചെറുപ്പം മുതലേ കുട്ടികളെ മാതാപിതാക്കൾ കലകൾ അഭ്യസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടർ ദിലീപ് കെ. കൈനിക്കര അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, യു.എ. മജീദ് എന്നിവർ സംസാരിച്ചു. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിന്റെ നേതൃത്വത്തിൽ എം.ടി. കൃതികളുടെ നൃത്താവിഷ്കാരമുണ്ടായി. വിനീത് സൗഷ്ഠവയാണ് നൃത്താവിഷ്കാരം നടത്തിയത്. കോഴിക്കോട് ദ്രുതിയുടെ നേതൃത്വത്തിൽ ഗായത്രി മധുസൂദനും സംഘവുംചേർന്ന് ‘യമം കാമനകളുടെ യമനം’ എന്ന മോഹിനിയാട്ട നൃത്തശില്പം അവതരിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തിന് ‘കേരളീയാധുനികത’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. തുടർന്ന് ‘എം.ടി.യുടെ നിലപാടുതറ’ എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. സച്ചിദാനന്ദൻ, സാറാ ജോസഫ്, എൻ. ജയരാജ്, എം.വി. നികേഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. എം.എം. ബഷീർ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ‘തുഞ്ചൻ പറമ്പിന്റെ എം.ടി.’ എന്ന വിഷയത്തിൽ എം.എം. നാരായണൻ, ഡോ. കെ. ജയകുമാർ, പി.കെ. ഗോപി, ഡോ. എൽ. സുഷമ എന്നിവർ പ്രഭാഷണം നടത്തും.
ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ‘നഖക്ഷതങ്ങൾ’ സിനിമ പ്രദർശിപ്പിക്കും. രാത്രി ഏഴരയ്ക്ക് നിമിഷ സലീം ഗസൽ സന്ധ്യയവതരിപ്പിക്കും.തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് മാതൃഭൂമി ഉൾപ്പെടെ പ്രസാധകരുടെ പുസ്തകസ്റ്റാളുകൾ സജീവമായിട്ടുണ്ട്.