എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് 3 തിങ്കളാഴ്ച തുടങ്ങും. എസ്എസ്എൽസി പരീക്ഷകളെല്ലാം രാവിലെ 9.30 മുതലാണ്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷ അവസാനത്തേത് ഒഴികെയുള്ളതെല്ലാം ഉച്ചയ്ക്ക് 1.30 മുതലാണ്. 26ന് ആണ് പരീക്ഷകൾ അവസാനിക്കുന്നത്.. എസ്എസ്എൽസിക്ക് മലയാളം ഒന്നാം പാർട്ട് പരീക്ഷയും (തമിഴ്, കന്നഡ, ഉറുദു തുടങ്ങിയ മീഡിയമുള്ളവർക്ക് ആ ഭാഷ) പ്ലസ്ടുവിന് ഇംഗ്ലിഷ് പരീക്ഷയുമാണ് ആദ്യദിനം..
സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും എഴുതുന്നുണ്ട്. ഇരുപത്തിയാറായിരത്തിലേറെ അധ്യാപകരാണ് പരീക്ഷാ ഡ്യൂട്ടിക്കുള്ളത്.
72 കേന്ദ്രങ്ങളിലായി ഏപ്രിൽ 3 മുതൽ 26 വരെയാണു മൂല്യനിർണയം..പ്ലസ്ടു പരീക്ഷയ്ക്ക് 4,45,478 കുട്ടികളും 6ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് 3,88,758 കുട്ടികളുമാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,75,173 പേർ പ്ലസ്ടു ഇംപ്രൂവ്മെന്റ് പരീക്ഷയും എഴുതുന്നുണ്ട്.. കേരളത്തിലും പുറത്തുമായി 1,999 പരീക്ഷാകേന്ദ്രങ്ങളാണ് ഹയർസെക്കൻഡറി പരീക്ഷയ്ക്കുള്ളത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കും.