എടപ്പാൾ : സോമബിംബ മനോഹരേ ജയ…മനോഹരമായ ഈ കീർത്തനം കലാമണ്ഡലം അമൃതയുടെ ശ്രുതിമധുരമായ ശബ്ദത്തിൽ പരിയപ്പുറത്തമ്മയുടെ തിരുമുറ്റഞ്ഞെ വേദിയിലുണർന്നു. അപ്പോൾ തോളിൽ തൂക്കിയ ഇടയ്ക്കകളിൽ ഏഴുവയസ്സുകാരി ശിവന്യയും 78 -കാരി ലക്ഷ്മിക്കുട്ടിയമ്മയുമടക്കം 51 പേരടങ്ങിയ വനിതകളിട്ട സ്വരങ്ങൾ കാഴ്ചക്കാരുടെ ഹൃദയങ്ങളെ സംഗീതാർദ്രമാക്കി. സോപാനം പഞ്ചവാദ്യം സ്കൂളിന്റെ പരിയപ്പുറം ശാഖയിൽ സന്തോഷ് ആലങ്കോട് ഒരു വർഷം മുൻപ് തുടക്കമിട്ട സംഗീത സപര്യയുടെ രംഗാവിഷ്കാരമായ ‘സോപാനാമൃത’മാണ് മറക്കാനാവാത്ത ദൃശ്യവിരുന്നായത്.

ഒരുകാലത്ത് ചിലരിൽമാത്രമൊതുങ്ങിയ സോപാനസംഗീതം പ്രായമോ വിഭാഗീയതകളോ ഇല്ലാതെ എല്ലാവരുടേതുമാകുന്നതാണ് പരിയപ്പുറത്തെ ദേവിയുടെ പിറന്നാൾ ദിനത്തിൽ കണ്ടത്. കലാമണ്ഡലം അമൃതയും ഇടയ്ക്ക കലാകാരൻ സുജിത് കോട്ടോലും ചേർന്നാണ് പ്രായം മറന്ന ഈ കലാകാരി കൂട്ടായ്മയ്ക്ക് സോപാനസംഗീതം പകർന്നു നൽകിയത്. തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, റിട്ട. കസ്റ്റംസ് ജീവനക്കാരി, ആശ വർക്കർമാർ, വീട്ടമ്മമാർ, വിദ്യാർഥികൾ തുടങ്ങി വിവിധമേഖലകളിൽനിന്നുള്ളവർ സംഘത്തിലുണ്ട്.

മെടഞ്ഞുവെച്ച പച്ചോലകളുടെ ഹരിതാഭ നിറഞ്ഞ വേദിയിൽ കലാകാരികൾ ജയദേവരുടെ വരികൾ പാടിസ്തുതിച്ചു.ചെമ്പട്ട് ഭഗവതീ ഗീതവും, ‘മഹാദേവ മനോഹര’ എന്ന ശിവസ്തുതിയുമവതരിപ്പിച്ചശേഷം ദേവിയുടെ കേശാദിപാദം സ്തുതിച്ചുള്ള ‘അമ്മേ നാരായണ’ കീർത്തനത്തിലെത്തി അവസാനിപ്പിച്ചപ്പോൾ വിശിഷ്ടാതിഥികളായി എത്തിയ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കരിയന്നൂർ നാരായണൻ നമ്പൂതിരിയുമടക്കം സദസ്സുമുഴുവൻ കീർത്തനത്തിലലിഞ്ഞു ചേർന്നിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *