പൊന്നാനി : ഇരുചക്രവാഹനങ്ങളിൽ അമിത വേഗത്തിനും വാഹനത്തിൽ രൂപമാറ്റം വരുത്തിയതിനും കഴിഞ്ഞവർഷം പിഴചുമത്തിയത് 22,733 പേർക്ക്. 418 ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ഒൻപത് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സസ്പെൻഡ് ചെയ്യുകയുംചെയ്തു.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയാൽ മോട്ടോർ വാഹനനിയമം സെക്‌ഷൻ 182 എ (നാല്) പ്രകാരം 5,000 രൂപയാണ് പിഴ. ഈ ഇനത്തിൽ 11 കോടിയിലേറേ രൂപയാണ് പിഴയായി ലഭിക്കേണ്ടത്. എന്നാൽ, കണക്കുകൾ മോട്ടോർവാഹന വകുപ്പ് പുറത്തുവിട്ടിട്ടില്ല.
നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന ഉടമകൾക്കെതിരേ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എം.എൽ.എ.മാരായ കുറുക്കോളി മൊയ്തീൻ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ടി.വി. ഇബ്രാഹിം എന്നിവർ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നൽകിയ മറുപടിയിലാണ് കേസുകളുടെ വിശദാംശങ്ങളുള്ളത്.
മഡ്ഗാർഡ് രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞവർഷം 4,173 പേർക്ക് പിഴയിട്ടു. ഇൻഡിക്കേറ്റർ രൂപമാറ്റം വരുത്തിയതിന് 932 പേർക്കും സൈലൻസർ രൂപമാറ്റം വരുത്തിയതിന് 8,355 പേർക്കും നമ്പർപ്ലേറ്റ് രൂപമാറ്റം വരുത്തിയതിന് 8,983 പേർക്കും അമിതവേഗതയിൽ വാഹനമോടിച്ചതിന് 290 പേർക്കും പിഴചുമത്തി.
അമിത ശബ്ദത്തോടെയും വേഗതയിലും ഇരുചക്രവാഹനമോടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റോഡ് സുരക്ഷയ്ക്ക് ഭീഷണിയായും ശബ്ദ-പുക മലിനീകരണം നടത്തിയും വാഹനമോടിച്ചാൽ ആദ്യ നിയമലംഘനത്തിന് 2000 രൂപയും തുടർന്നുള്ള ഓരോ നിയമലംഘനത്തിനും 10,000 രൂപയുമാണ് പിഴ ചുമത്തുക. റോഡുകളിൽ അഭ്യാസപ്രകടനം നടത്തിയാൽ ആദ്യ നിയമലംഘനത്തിന് 5,000 രൂപയും തുടർന്നുള്ള നിയമലംഘനത്തിന് 10,000 രൂപയുമാണ് പിഴ.