പൊന്നാനി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ വിതരണംചെയ്ത് നഗരസഭ. അഞ്ചുവർഷമായി നഗരസഭയുടെ നേതൃത്വത്തിൽ ആശുപത്രിയിലുള്ളവർക്ക് നോമ്പുതുറ വിഭവങ്ങൾ വിതരണംചെയ്യുന്നുണ്ട്.നഗരസഭയിലെ മാതൃ ശിശു ആശുപത്രി, താലൂക്കാശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് നോമ്പുതുറക്കുന്നതിന് സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങൾ ഭരണസമിതി വിതരണംചെയ്യുന്നത്.
പഴവർഗങ്ങളും മുട്ടപ്പത്തിരി, പരിപ്പുവട, സമൂസ തുടങ്ങിയ ലഘുപലഹാരങ്ങളും ഇടിയപ്പം, ചപ്പാത്തി, പൊറോട്ട, അപ്പം, കറി എന്നിവയടങ്ങിയതാണ് നോമ്പുതുറ വിഭവങ്ങൾ. ആദ്യദിവസം വിഭവങ്ങൾ വിളമ്പാൻ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറവുമെത്തിയിരുന്നു. കൗൺസിലർമാരായ സവാദ്, നിഷാദ്, ഷാഫി, വി.പി. സുരേഷ് എന്നിവരും ജീവനക്കാരായ അഫ്‌സൽ ഫബീസ്, സുമേഷ്, ഷിജിൻ, അഷ്‌റഫ് എന്നിവരും നേതൃത്വംനൽകി.