എടപ്പാൾ : എഴുന്നള്ളിപ്പിന് റോബോട്ടിക് ആനകൾ ‘ട്രെൻഡ്’ ആകുന്നതിനിടെ ഉത്സവത്തിന് റോബോട്ടിക് കരിങ്കാളിയും.കാൽച്ചിലമ്പും അരമണിയും കൈത്തോടയും തലയിൽ കുരുത്തോല കിരീടവുമായി മനുഷ്യർ വേഷമെടുക്കുന്ന ‘ഒറിജിനൽ കരിങ്കാളികളെ’ വെല്ലുന്നതാണ് റോബോട്ട് കരിങ്കാളി. എടപ്പാൾ പോട്ടൂർ മണ്ഡകപ്പറമ്പിൽ രഞ്ജീഷ് ആണ് റോബോട്ടിക് കരിങ്കാളിയെ നിർമിച്ചത്.സ്‌പോഞ്ച്, തുണി, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങി വിവിധ പാഴ്‌വസ്തുക്കളാണ് രഞ്ജീഷിന്റെ കരവിരുതിൽ ജീവൻ തുളുമ്പുന്ന കരിങ്കാളിയായി മാറിയത്.
വാഹനത്തിലും മറ്റും സ്ഥാപിച്ച് കൈയും തലയുമെല്ലാം ചലിപ്പിച്ച് നൃത്തച്ചുവടുവെക്കുന്ന രീതിയിലാണ് രൂപകല്പന.11 മുതൽ 12 അടിവരെ ഉയരത്തിൽ സ്ഥാപിക്കാനുതകുന്ന രീതിയിൽ ഉള്ളിൽ ഏരിയൽ സംവിധാനവും 12 വാട്‌സ് ബാറ്ററിയിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഗിയർ മോട്ടോറും (വൈപ്പർ മോട്ടോർ) ഉപയോഗിച്ചാണ് കരിങ്കാളിയെ ചലിപ്പിക്കുന്നത്.യഥാർഥ കരിങ്കാളിയുടെ അതേ രൂപഭാവങ്ങളോടെ കൈയിൽ പള്ളിവാളും പിടിച്ചുനിൽക്കുന്നതാണ് രഞ്ജീഷിന്റെ കരിങ്കാളി.മണ്ഡകപ്പറമ്പിൽ വീരമണി-രാധ ദമ്പതിമാരുടെ മകനാണ് രഞ്ജീഷ്. പെയിന്റിങ്ങിനോട് താത്‌പര്യമുള്ള രഞ്ജീഷ് ചിത്രകാരനും ഡിസൈനറും പുല്ലാങ്കുഴൽ വാദകനുമാണ്.