വെളിയങ്കോട്: പൊന്നാനി–ചാവക്കാട് കനോലി കനാൽ ഒഴുക്കുനിലച്ചു മലിനമായി കിടക്കുന്നതായി പരാതി. ഉൾനാടൻ ജലഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 3 കോടി രൂപയോളം ചെലവഴിച്ചു മൂന്നു വർഷം മുൻപു ജലഗതാഗത വകുപ്പ് കനാൽ നവീകരിച്ചിരുന്നു. കനാലിന്റെ ആഴം കൂട്ടുകയും കനാലിൽ വീണുകിടന്ന മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. ചാവക്കാട്ടുനിന്നു പൊന്നാനിയിലേക്കും തിരിച്ചും ജലഗതാഗതത്തിനായി സോളർ ബോട്ട് സർവീസ് പദ്ധതിയും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പദ്ധതി തുടങ്ങുന്നതു വൈകിയതോടെ മരങ്ങൾ കനാലിൽ വീണുകിടന്ന് ഒഴുക്കുനിലച്ചു. കനാൽ ഭിത്തികൾ തകർന്നതോടെ ഇവിടെനിന്നു നീക്കിയ മണ്ണും തിരികെ ഒഴുകിയെത്തി. ഇതോടെ കനാലിൽ ആഴവും കുറഞ്ഞു. പായൽ, കുളവാഴ, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ, വീണുകിടക്കുന്ന മരങ്ങളിൽ കുടുങ്ങിയതും ഒഴുക്ക് തടസ്സപ്പെടാൻ കാരണമാണ്.