എടപ്പാൾ : ചെർളശ്ശേരിക്കാർക്കിപ്പോൾ പ്രതിമാസം വെള്ളം കുടിക്കണമെങ്കിൽ പതിനായിരങ്ങൾ വേണം.കുടിവെള്ളത്തിനാശ്രയിച്ചിരുന്ന പഞ്ചായത്ത് കിണർ വറ്റുകയും കുഴൽക്കിണറിലെ മോട്ടോർ തകരാറിലാകുകയും ചെയ്തതോടെ 1400 രൂപ നിരക്കിൽ ഇടവിട്ടദിവസങ്ങളിൽ ഓരോ വീട്ടുകാരും ടാങ്കർലോറിയിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ്. വട്ടംകുളം പഞ്ചായത്തിലെ നാലാംവാർഡിൽപ്പെട്ട പിന്നാക്കവിഭാഗക്കാർ താമസിക്കുന്ന പ്രദേശമാണിത്. 35 വീട്ടുകാരാണിവിടെയുള്ളത്.
പതിറ്റാണ്ടുകളായി ഇവിടെയുള്ള പഞ്ചായത്ത് കിണറിനെയാണിവർ കുടിവെള്ളത്തിനാശ്രയിച്ചിരുന്നത്. ഡിസംബർ അവസാനത്തോടെ ഇത് വറ്റും. പിന്നീട് ഇവിടെയുള്ള കുഴൽക്കിണറിൽ 2.35 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് സ്ഥാപിച്ച മോട്ടോറുപയോഗിച്ച് ഇവിടെയുള്ള 5000 ലിറ്ററിന്റെ ടാങ്കിലേക്ക് അടിച്ചുകയറ്റി അതിൽനിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂന്നുമാസം മുൻപ് അതും തകരാറിലായി. ഇതോടെയാണ് പ്രദേശവാസികൾ പ്രതിസന്ധിയിലായത്. ഇപ്പോൾ ടാങ്കർലോറിയിൽ വെള്ളമെത്തിച്ചാണ് ഇവർ അത്യാവശ്യകാര്യങ്ങൾ നിർവഹിക്കുന്നത്.