പൊന്നാനി : മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി നഗരസഭയിലെ കുണ്ടുകടവ് ജങ്ഷൻ, ചന്തപ്പടി എന്നിവിടങ്ങളെ ഹരിത അങ്ങാടികളായി പ്രഖ്യാപിച്ചു.വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന യാത്രക്കാർക്ക് മാനസികോല്ലാസമേകുന്ന തരത്തിൽ നഗരം ശുചിത്വത്തോടുകൂടിയും പാതയോരങ്ങളിൽ പുഷ്പിത സസ്യങ്ങൾ, അലങ്കാര സസ്യങ്ങൾ എന്നിവയുടെ ചെടികൾ ചട്ടികളിൽവെച്ചുപിടിപ്പിച്ചും മനോഹരമാക്കിയാണ് നഗരസഭാ പൊതുവീഥികൾ ഹരിത ഇടങ്ങളായി പ്രഖ്യാപിക്കുന്നത്.
കുണ്ടുകടവ് ജങ്ഷനിൽ വഴിയോരവിശ്രമ കേന്ദ്രവും വാട്ടർ എടിഎം കിയോസ്‌ക്കും നഗരസഭ ഒരുക്കിയിട്ടുണ്ട്.നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഹരിത അങ്ങാടികളുടെ പ്രഖ്യാപനം നടത്തി.നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാർ, കച്ചവടക്കാർ, യാത്രക്കാരായ നാട്ടുകാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.