മാറഞ്ചേരി : സമഗ്ര കോൾ വികസനം നടപ്പിലാക്കി ഒന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും മാറഞ്ചേരി മാറാടി–ആൽപറമ്പ് പാടശേഖരത്തെ വികസനം കടലാസിൽ ഒതുങ്ങുന്നതായി പരാതി. അടിസ്ഥാന സൗകര്യം വികസനം ഇല്ലാത്തതിനെ തുടർന്ന് 4 പതിറ്റാണ്ട് കാലത്തോളം തരിശിട്ട് കിടക്കുന്ന മാറാടി–ആൽപറമ്പ് പാടശേഖരത്തേയാണ് കോൾ വികസന സമിതിയും കൃഷി വകുപ്പും അവഗണന തുടരുന്നത്. 2010 മുതൽ പൊന്നാനി കോളിലെ പാടശേഖരങ്ങളുടെ വികസനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 500 കോടി രൂപയോളം പണം ചെലവഴിച്ചെങ്കിലും ഈ പാടശേഖരത്തിന് ഒരു രൂപയുടെ പദ്ധതി പോലും കൊണ്ടുവന്നിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
പദ്ധതികൾക്കായി പാടശേഖരത്തെ കർഷകർ ഓഫിസുകൾ കയറി ഇറങ്ങുന്നുണ്ടെങ്കിലും അധികൃതരുടെ അവഗണന തുടരുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്ലാനിങ് നടത്താനോ, എസ്റ്റിമേറ്റ് തയ്യാറാക്കാനോ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ഇതുവരെ പാടശേഖരത്ത് എത്താത്തതിനാൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മാറഞ്ചേരി പഞ്ചായത്തിലെ 9, 10 വാർഡുകളിലായി പരന്നു കിടക്കുന്ന പാടശേഖരത്ത് 70 ഏക്കറിലാണ് കൃഷി ചെയ്യാൻ സൗകര്യം ഒരുക്കേണ്ടത്. 2 കിലോമീറ്റർ വരുന്ന ബണ്ട്, പമ്പ് ഹൗസ് എന്നിവയുടെ നിർമാണം പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നിവയാണ് കൃഷി ഇറക്കാൻ ആദ്യഘട്ടത്തിൽ പാടശേഖരത്തിന് വേണ്ടി വരുന്നത്.20 കർഷകരാണ് കൃഷി ഇറക്കാൻ വർഷങ്ങളായി കാത്തിരിപ്പ് തുടരുന്നത്.