പൊന്നാനി :  ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാനപാതയിൽ പൊന്നാനി സ്റ്റാൻഡിലേക്ക് പെർമിറ്റുണ്ടായിട്ടും കുണ്ടുകടവ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണിരാജു പറഞ്ഞു. സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്ന വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി കേരളാ പ്രവാസിസംഘം പൊന്നാനി ഏരിയാ കമ്മിറ്റി നേതാക്കൾ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ആന്റണിരാജു നടപടിയെടുക്കുമെന്ന ഉറപ്പുനൽകിയത്.

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാനപാതയിൽ കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്നെത്തുന്ന സ്വകാര്യ ബസുകൾ പൊന്നാനി ബസ് സ്റ്റാൻഡിലേക്ക് പെർമിറ്റുണ്ടായിട്ടും യാത്രക്കാരെ കുണ്ടുകടവ് ജങ്ഷനിൽ ഇറക്കിവിട്ടു സർവീസ് അവസാനിപ്പിക്കുന്നതിൽ യാത്രക്കാർ ദുരിതത്തിലാവുന്നത് പതിവാണ്. പൊന്നാനി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിരുന്നു. പരിശോധനകൾ അയഞ്ഞതോടെ വീണ്ടും പഴയപടിയായി. കുണ്ടുകടവ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കേരളാ പ്രവാസിസംഘം പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലുണ്ടാവുന്നുണ്ട്. സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവിന് കേരളാ പ്രവാസിസംഘം നേതാക്കളായ സക്കരിയ പൊന്നാനി, അഡ്വ. സുരേഷ്ബാബു, ശ്രീരാജ് കടവനാട്, സി.പി. സക്കീർ, നിഷാദ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *