പൊന്നാനി : ഏവർക്കും അത്രമേൽ പ്രിയങ്കരിയായിരുന്ന അവൾ ഇല്ലാതെ എങ്ങനെ പൂർത്തിയാകും ആ ഓർമച്ചിത്രം?മരണം കൂട്ടിക്കൊണ്ടുപോയ പ്രിയ സഹപാഠിയെ ആ ഓർമ്മച്ചിത്രത്തിൽ അവർക്ക് വേണമായിരുന്നു. പ്രിയകൂട്ടുകാർക്കൊപ്പമുള്ള ചിത്രം സൂക്ഷിച്ചുവെയ്ക്കണമെന്ന് അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു. സ്കൂളിൽനിന്ന് പടിയിറങ്ങും മുൻപ് അവരെല്ലാരും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത കൂട്ടുകാരിക്കായി അവർ സ്ഥലം ഒഴിച്ചിട്ടു. അവിടെ സ്മരണയ്ക്കായി സെബ മെഹ്റിൻ വന്നുനിന്നു.തെയ്യങ്ങാട് ജിഎൽപി സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ ചടങ്ങാണ് കണ്ണലിയുന്ന നൊമ്പരക്കാഴ്ചയായത്. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു സെബ മെഹ്റിൻ. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ നവംബർ 11-ന് മരണത്തിന് കീഴടങ്ങി. സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോ സൂക്ഷിച്ചുവെയ്ക്കണമെന്ന അവളുടെ ആഗ്രഹം മാതാവ് റജില അധ്യാപികയായ എൻ.പി. ചിത്രയെ അറിയിച്ചിരുന്നു.
അകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരിയും ചിത്രത്തിലുണ്ടാകണമെന്ന് സഹപാഠികളും ആഗ്രഹം പ്രകടിപ്പിച്ചു.ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫർ സലാം ഒളാട്ടയിലിനോട് അധ്യാപിക ആഗ്രഹം പങ്കുവെച്ചു. തുടർന്ന്, ചിത്രമെടുക്കാൻ ക്യാമറയ്ക്കുമുൻപിൽ നിന്നപ്പോൾ സഹപാഠികൾ അവൾക്കായി സ്ഥലം ഒഴിച്ചിട്ടു. ആ സ്ഥലത്ത് സെബ മെഹ്റിന്റെ ചിത്രം എഡിറ്റുചെയ്തുവെച്ചാണ് ഗ്രൂപ്പ് ഫോട്ടോ തയ്യാറാക്കിയത്.പഠിക്കാൻ മിടുക്കിയായിരുന്ന സെബ മെഹ്റിന്റെ അകാലവിയോഗം കൂട്ടുകാർക്കും അധ്യാപകർക്കും തീരാനോവായിരുന്നു. പിറന്നാളിന് കൂട്ടുകാർക്കെല്ലാം സമ്മാനമായി എന്തെങ്കിലും നൽകണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. പിറന്നാൾദിനത്തിന് കാത്തുനിൽക്കാതെ അവൾ യാത്രയായെങ്കിലും മാതാവ് റജില പെൻസിലും നോട്ടുബുക്കും ഉൾപ്പെടെയുള്ള സമ്മാനങ്ങളുമായി സ്കൂളിലെത്തി അവളുടെ ആഗ്രഹം സഫലീകരിച്ചു.എൽപി പഠനം പൂർത്തിയാക്കി അവളുടെകൂട്ടുകാരെല്ലാം ഈവർഷം ആ വിദ്യാലയത്തിന്റെ പടിയിറങ്ങും; സെബ മെഹ്റിന്റെ മരിക്കാത്ത ഓർമ്മകളുമായി…