കുറ്റിപ്പുറം : തങ്ങളേ ഒരു സ്ട്രോങ്ങ്… സമാവറിന് മുകളിലെ പാട്ടയിൽനിന്നും തങ്ങൾ ചൂടുപാൽ തവിയിലെടുത്ത് കുപ്പി ഗ്ളാസിലേക്ക് പകർന്നു. പിന്നെ തേയില സഞ്ചിയിലേക്ക് സമാവറിൽനിന്ന് വെട്ടിത്തിളച്ച വെള്ളമൊഴിച്ചു. പിന്നെ ചായപ്പാട്ടയിൽ നീട്ടിയൊരടി.പതഞ്ഞുപൊങ്ങിയ ചായഗ്ളാസിന്റെ പുറം കൈകൊണ്ട് തുടച്ചശേഷം തങ്ങൾ ചായഗ്ളാസ് നീട്ടി.
കഴിഞ്ഞ 27 വർഷമായി രാത്രിയിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡിന് സമീപത്തെ സൂപ്പർസ്റ്റോർ കടയുടെ മുൻപിൽ ചൂടൻ ചായകളുമായി തങ്ങൾ എന്നുവിളിക്കുന്ന കഴുത്തല്ലൂർ പനയത്തിൽ അഷറഫ് ഉണ്ട്.ബസ്‌സ്റ്റാൻഡിലേക്കുള്ള വൺവേ റോഡിലെ സൂപ്പർ സ്റ്റോർ കടയുടെ മുൻപിൽ രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് തങ്ങളുടെ ചായപ്പീടികയുടെ പ്രവർത്തനം.
രാത്രിയിലെത്തുന്ന തീവണ്ടി, ബസ് യാത്രക്കാർ, നാട്ടുകാർ, രാത്രി പരിശോധനക്കിറങ്ങുന്ന പോലീസുകാർ, രാത്രിയിൽ സർവീസ് നടത്തുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാർ ഇവർക്കൊക്കെ തങ്ങളുടെ ചായ ഒരു ലഹരിയാണ്.
സ്ഥിരമായി എത്തുന്ന എല്ലാവരുടേയും ചായയുടെ സ്വഭാവം തങ്ങൾക്ക് അറിയാം. ചായക്കൊപ്പം കഴിക്കാൻ ഉണ്ണിയപ്പം, ഇറച്ചിപ്പത്തിരി, നെയ്യപ്പം, കലത്തപ്പം, അട എന്നിവയാണ് ഇവിടെ ഉണ്ടാവുക.തങ്ങളുടെ ചായയോളംതന്നെ രുചിയാണ് ഇവിടുത്തെ എണ്ണക്കടികൾക്കും.എണ്ണക്കടികൾ ഉണ്ടാക്കി നൽകുന്നത് ഭാര്യ സീനത്താണ്. മക്കൾ: ഫസൽ റഹ്‌മാൻ, ഫസീല.