തിരൂർ : 28 വർഷത്തെ വിശിഷ്ടസേവനത്തിനുശേഷം കല്ലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസ് പ്രിൻസിപ്പൽ ഷാജി ജോർജ്ജ് ഈ മാസം 31-ന് സർവീസിൽ നിന്ന് വിട പറയുന്നു. 26 വർഷം ഹയർസെക്കൻഡറി കെമിസ്ട്രി അധ്യാപകനായി ജോലിചെയ്യുകയും രണ്ടു വർഷക്കാലം സ്കൂളിൽ പ്രിൻസിപ്പലായി ജോലിചെയ്യുകയുമായിരുന്നു.പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള ഏനാത്ത് സ്വദേശിയാണ്. ഇപ്പോൾ തിരൂർ പഞ്ചമി സ്കൂളിന് സമീപമാണ് താമസം. ജില്ലാ കെമിസ്ട്രി അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ കെമിസ്ട്രി പരീക്ഷാ പ്രാക്ടിക്കൽ ചീഫ്, എസ്ആർജി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷക്കാലം കല്ലിങ്ങൽപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിന് പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചൂവെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കുട്ടികൾ പരീക്ഷയെഴുതി വിജയിച്ചതിന് സ്കൂളിന് 2023-ലെ ഡോ. എ.പി.ജെ. അബ്ദുൽകലാം ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചിരുന്നു.ഇദ്ദേഹത്തിന്റെ കാലയളവിൽ കലാമേളയിൽ മികവ് കാട്ടി. കായികമേളയിൽ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കാളിത്തം, ഹരിതകേരള മിഷൻ ഹരിത വിദ്യാലയത്തിനുള്ള എ പ്ലസ് പുരസ്കാരം എന്നിവ നേടി.
കസ്റ്റംസ് ആൻഡ് സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് ശിവകുമാർ കൃഷ്ണമൂർത്തി, കാനഡയിലെ പോലീസ് ഉദ്യോഗസ്ഥൻ തെൻസീൽ തയ്യിൽ, ഡോ. ഹസ്ന എയിംസ്, ഡോ. ഇർഷാദ് (അൽമാസ് ഹോസ്പിറ്റൽ), ഡോ. ഫെബിൻ താനൂർ (ഗവ. ആശുപത്രി), ഡോ. ഷബീർ ഖത്തർ, ഡോ. നുസ്രത്ത്, ഡോ. ഷക്കീബർ എന്നിവർ പൂർവവിദ്യാർഥികളാണ്.മാതൃകാ അധ്യാപകനായിരുന്നു ഷാജി ജോർജ്ജെന്നും ഇദ്ദേഹത്തിന്റെ സേവനം സ്കൂളിന്റെ യശസ്സുയർത്തിയെന്നും സ്കൂൾ മാനേജർ അബ്ദുൾ ലത്തീഫ് കോട്ടയിൽ പറഞ്ഞു. ഭാര്യ: ഡോ. ആൻസി ഷാജി. മക്കൾ: ഡോ. ഷെറിൻ ഷാജി, എബിൻ ഷാജി. (കംപ്യൂട്ടർ എൻജിനീയർ).