പൊന്നാനി: 70 കോടി രൂപ– ജില്ലയിലെ മീൻപിടിത്ത മേഖലയുടെ നട്ടെല്ലായ പൊന്നാനിയിലെ ഫിഷിങ് ഹാർബറിൽ പലപ്പോഴായി വിവിധ പദ്ധതികളുടെ പേരിൽ ചെലവഴിച്ച തുകയുടെ കണക്കാണിത്. ഇത്രയും പണം ചെലവഴിച്ചിട്ടും ഹാർബറിൽ ഇപ്പോഴും അസൗകര്യങ്ങളുടെ നീണ്ട നിരയാണ്. സാങ്കേതികമായും സാമ്പത്തികമായും ഹാർബറിന്റെ നിലവാരം ഉയർന്നില്ല. ഹാർബറിൽ ചെലവാക്കിയെന്നു പറയുന്ന ഇത്രയും തുക എങ്ങോട്ടു പോയി? ഇതേക്കുറിച്ചുള്ള അന്വേഷണം…
ശുചിമുറി ബ്ലോക്കുകൾ രണ്ട്
ഹാർബറിൽ രണ്ടു ശുചിമുറി ബ്ലോക്കുകളുണ്ട്. ഒന്ന് ഉപയോഗശൂന്യമായി കിടക്കുമ്പോൾ വീണ്ടും ലക്ഷങ്ങൾ പൊടിച്ചു മറ്റൊരെണ്ണം പണിതു. 2010ലാണു ഹാർബറിന്റെ തെക്കേ മൂലയിൽ ലക്ഷങ്ങൾ ചെലവഴിച്ച് ആദ്യത്തെ ശുചിമുറി കോംപ്ലക്സ് നിർമിക്കുന്നത്.
ഒരു ദിവസം പോലും ഇത് ഉപയോഗിച്ചില്ല. ഒരു മത്സ്യത്തൊഴിലാളിക്കു വേണ്ടിയും ഇതു തുറന്നുനൽകിയില്ല. പണി പൂർത്തിയായ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുമ്പോൾ മറ്റൊരു ശുചിമുറി കോംപ്ലക്സിനു പദ്ധതി തയാറാക്കി. 27.03 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. മാസങ്ങളോളം പൂട്ടിയിട്ട ശേഷമാണു പുതിയ കെട്ടിടം തുറന്നുനൽകിയതു തന്നെ. ആദ്യത്തെ ശുചിമുറി കോംപ്ലക്സിന് എന്തുപറ്റിയെന്ന ചോദ്യത്തിനു ഹാർബർ എൻജിനീയറിങ് വകുപ്പിനു മറുപടിയില്ല.
കന്റീനും രണ്ട്
ശുചിമുറിക്കു സമാനമായാണു കന്റീൻ കെട്ടിടത്തിന്റെയും അവസ്ഥ. ആദ്യം ലക്ഷങ്ങൾ ചെലവഴിച്ചു ഹാർബറിൽ കന്റീൻ നിർമിച്ചു. ഒരു ദിവസം പോലും ഇൗ കന്റീൻ പ്രവർത്തിച്ചില്ല. ഈ കെട്ടിടം ഒരു ഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുമ്പോൾ ദാ വരുന്നു, ഉദ്യോഗസ്ഥരുടെ പുതിയ പദ്ധതി. ഒരു കോടിയോളം രൂപ ചെലവഴിച്ചു പുതിയ കന്റീൻ കെട്ടിടം നിർമിച്ചു.
ലക്ഷങ്ങൾ ചെലവഴിച്ച് 2010ൽ നിർമിച്ച കെട്ടിടം വെറുതേ കിടക്കുമ്പോഴാണ് ഒരു കോടിയുടെ മറ്റൊരു പദ്ധതി നടപ്പാക്കുന്നത്. പുതിയ കെട്ടിടവും തുറന്നു പ്രവർത്തിച്ചിട്ടില്ല. ലക്ഷങ്ങൾ പാഴാക്കിയുള്ള രണ്ടു കന്റീൻ കെട്ടിടങ്ങൾ അഴിമതിയുടെയും ഉദ്യോഗസ്ഥ വീഴ്ചയുടെയും നേർസാക്ഷ്യമായി കിടക്കുകയാണു ഹാർബറിൽ.
വെറുതേയായിപ്പോയ മഴവെള്ള സംഭരണികൾ
ലക്ഷങ്ങൾ ചെലവഴിച്ചു രണ്ടു മഴവെള്ള സംഭരണികൾ ഹാർബറിൽ നിർമിച്ചു. 2018ലാണു രണ്ടും നിർമിച്ചിരിക്കുന്നത്. പേരിന് ഉണ്ടാക്കിയെന്നല്ലാതെ ഒരു തുള്ളി വെള്ളം പോലും ഇൗ സംഭരണിയിൽനിന്ന് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പാഴായിപ്പോയ പദ്ധതികളെക്കുറിച്ച് അന്വേഷണമോ പാഴാക്കിക്കളഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടിയോ ഇന്നേവരെ ഉണ്ടായിട്ടില്ല. ഫയലിൽ കാണുന്ന സംഭരണികൾ എവിടെയെന്നു ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ തപ്പിത്തടയേണ്ട ഗതികേടുണ്ട്.
ഏറ്റവും അടിയന്തരമായി പൂർത്തിയാക്കേണ്ടിയിരുന്ന സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് മൂന്നു വർഷമായിട്ടും പൂർത്തിയാക്കാതെ കിടക്കുകയാണ്. പുനർഗേഹം ഭവനസമുച്ചയത്തിലെ നൂറിലധികം കുടുംബങ്ങൾ മലിനജല പ്രശ്നം കൊണ്ടു ദുരിതമനുഭവിക്കുമ്പോൾ ലക്ഷങ്ങൾ പൊടിപൊടിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർ ഇൗ ദുരിതം കാണാതെ പോവുകയാണ്. പ്ലാന്റിനായി നിർമിച്ച കെട്ടിടവും നോക്കുകുത്തിയായി കിടക്കുന്നു. ഇതും പാഴാക്കിയ ലക്ഷങ്ങളുടെ കണക്കിലേക്ക് എഴുതിച്ചേർക്കേണ്ട അവസ്ഥയിലാണ്.
‘ഫയൽ കാലഹരണപ്പെട്ടു..’
ഹാർബറിലെ ഇരട്ട നിർമാണങ്ങളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങൾക്കു വകുപ്പ് മേധാവി തന്ന മറുപടി ‘ഫയൽ കാലഹരണപ്പെട്ടു’ എന്നാണ്. 2010ൽ നിർമിച്ച ശുചിമുറി കെട്ടിടത്തിന്റെയും കന്റീൻ കെട്ടിടത്തിന്റെയും ഫയൽ കാലഹരണപ്പെട്ടുവത്രേ! പിന്നീടു നിർമിച്ച കോൺഫറൻസ് റൂമിന്റെയും ലാബിന്റെയുമെല്ലാം പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾക്കും വകുപ്പിന്റെ കയ്യിൽ മറുപടിയില്ല. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്കൊന്നും ആവശ്യമായ മറുപടി ഇൗ ഓഫിസിൽനിന്ന് ലഭ്യമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽനിന്നു നവകേരള സദസ്സിനു വകമാറ്റിയത് 12 ലക്ഷം രൂപ…
എവിടെ, ലാബും കോൺഫറൻസ് റൂമും?
വിഡിയോ കോൺഫറൻസ് റൂം, നിർമാണസാമഗ്രികളുടെ ഗുണനിലവാര പരിശോധനാ ലാബ്. ഇൗ രണ്ടു പദ്ധതികളുടെ പേരിലും ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഹാർബർ പൊന്നാനി ഡിവിഷൻ ഓഫിസിൽ എത്ര തിരഞ്ഞാലും അങ്ങനെയൊരു വിഡിയോ കോൺഫറൻസ് റൂം കാണില്ല. ഇതിന്റെ പേരിലും വലിയ വെട്ടിപ്പു നടന്നെന്നാണു പരാതി. കോൺഫറൻസ് റൂമിന്റെ പേരിൽ വാങ്ങിക്കൂട്ടിയ സാധനങ്ങൾ ചൂണ്ടിക്കാണിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു വകുപ്പ് ഉദ്യോഗസ്ഥർ. ഇതെല്ലാം എവിടെപ്പോയി എന്നതിൽ ഇന്നേവരെ അന്വേഷണം ഉണ്ടായിട്ടില്ല. ഹാർബറിലെ വിവിധ പദ്ധതികൾക്കായി കൊണ്ടുവരുന്ന നിർമാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാൻ തുടങ്ങിയ ലാബിൽ ഒരു ദിവസം പോലും പരിശോധന നടന്നിട്ടില്ല. ലാബിനു വേണ്ടി കളഞ്ഞുകുളിച്ച ലക്ഷങ്ങളുടെ കണക്കും ഇന്നേവരെ പരിശോധിക്കപ്പെട്ടിട്ടില്ല.