എടപ്പാൾ: ജലജീവൻ പദ്ധതിക്കായി എടപ്പാൾ ടൗണിലെ തൃശൂർ റോഡിൽ പൊളിച്ചിട്ട ഭാഗം ഇനിയും അറ്റകുറ്റപ്പണി നടത്തിയില്ല. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. പൊടിശല്യം മൂലം സമീപത്തെ വ്യാപാരികൾ ദുരിതത്തിലാണ്. രാത്രിസമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപെടുന്നതും പതിവാണ്.
വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെത്തവണ ജലഅതോറിറ്റി അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. നേരത്തേ കുറ്റിപ്പുറം റോഡിലും എടപ്പാൾ ടൗണിലും സമാനമായ സ്ഥിതിയായിരുന്നു. ഒട്ടേറെ സമരങ്ങൾക്കു ശേഷമാണ് ഈ ഭാഗം ടാർ ചെയ്തു ഗതാഗത യോഗ്യമാക്കിയത്. ഇതേ രീതിയിൽ സമരവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് തൃശൂർ റോഡിലെ വ്യാപാരികളും.