എടപ്പാൾ : തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയതിനെത്തുടർന്ന് ഒളിവിൽപ്പോയ സഹപ്രവർത്തകൻ സുകാന്ത് സുരേഷിന്റെ വീട്ടിലെ വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പിക്കാൻ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെത്തി.മൃഗങ്ങൾ പട്ടിണി കിടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരന്റെ ഇടപെടലിനെത്തുടർന്നാണ് വട്ടംകുളം മൃഗാശുപത്രിയിലെ ഡോ. എൻ.എം. മായ, വസന്ത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, വൈസ് പ്രസിഡന്റ് ഫസീല സജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്.
വളർത്തുമൃഗങ്ങൾക്ക് വെള്ളത്തിന്റെ കുറവുമൂലമുള്ള പ്രയാസങ്ങളുണ്ടെന്ന് ഡോക്ടർ പറഞ്ഞു. എട്ട് പശുക്കൾ, റോട്ട്‍വീലർ, ഒരു ചെറിയ കൂടുനിറയെ കോഴികൾ എന്നിവയാണ് വീട്ടിലുള്ളത്.ഇവയ്ക്കാവശ്യമായ പ്രോട്ടീൻ പൗഡർ ഡോക്ടർ നൽകിയതായി സുകുമാരൻ പറഞ്ഞു. തീറ്റ നൽകാനുള്ള സംവിധാനം തത്കാലം ഇദ്ദേഹം സ്വന്തംനിലയിൽ ചെയ്തിട്ടുണ്ടെങ്കിലും അധികദിവസം ഈ അവസ്ഥ തുടർന്നാൽ എന്തുചെയ്യുമെന്നറിയില്ലെന്നും പറഞ്ഞു.വൈദ്യുതിബിൽ അടയ്ക്കാനുള്ള തീയതി കഴിഞ്ഞതിനാൽ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതും പ്രതിസന്ധിയായി.മൃഗങ്ങൾക്ക് വെള്ളം നൽകാൻ മോട്ടോർ പ്രവർത്തിപ്പിക്കാനായിെല്ലങ്കിൽ കുടിവെള്ളം മറ്റിടങ്ങളിൽനിന്നു കൊണ്ടുവരേണ്ട അവസ്ഥയാകും.