തവനൂർ : ‘കാടുണ്ടെങ്കിലേ നമ്മളുള്ളൂ. ചുവരുണ്ടെങ്കിലേ ചിത്രങ്ങളുള്ളൂ എന്നപോലെ!’ ഈ സന്ദേശവുമായി ചുമരിൽ ചിത്രം വരച്ച് കാട് കാക്കാൻ ഒരുങ്ങുകയാണ് തവനൂർ കാർഷിക എൻജിനിയറിങ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികളും വനംവകുപ്പും. സൈലന്റ്‌വാലിയിലേക്കും അട്ടപ്പാടി മലനിരകളിലേക്കും ചുരം കയറിപ്പോകുമ്പോൾ റോഡിന്റെ വശത്തെ മതിലിൽ ഒരുക്കിയ ചുമർചിത്രം പറയുന്നത് അട്ടപ്പാടി-സൈലന്റ്‌വാലി മേഖലയുടെ സംസ്‌കാരവും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയുമാണ്. സസ്യജന്തുജാലങ്ങളാൽ അനുഗൃഹീതമായ അട്ടപ്പാടി ചുരം റോഡ് മാലിന്യത്തിൽ മുങ്ങിയിരുന്നു.
വനത്തിലൂടെ കടന്നുപോകുന്ന പാതയുടെ ഇരുവശത്തും ആളുകൾ മാലിന്യമെറിഞ്ഞതോടെ ചുരം ചീഞ്ഞുനാറാൻ തുടങ്ങി. ബോധവത്കരണ പോസ്റ്റുകളും അറിയിപ്പുകളുമെല്ലാം വെച്ചെങ്കിലും ഫലമുണ്ടായില്ല. ചുരം നന്നായാൽ കാട് നന്നാകുമെന്നു തോന്നിയതോടെയാണ് പാറക്കെട്ടുകളിലും മതിലുകളിലുമെല്ലാം മനോഹരമായ ചിത്രങ്ങൾ വരയ്ക്കാമെന്ന ആശയം എൻഎസ്എസ് വൊളന്റിയർമാർക്ക് തോന്നിയത്. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ഇതിന് പ്രോത്സാഹനവുമായെത്തി. മതിലിൽ ചിത്രം വരയ്ക്കാൻ അവസരം ഒരുക്കിക്കൊടുത്തത് മണ്ണാർക്കാട് റേഞ്ച് ഓഫീസർ സുബൈർ ആണ്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അഷ്റഫും സംഘവും പിന്തുണയും നൽകി.തവനൂർ കാർഷിക എൻജിനിയറിങ് കോളേജിന്റെ എൻഎസ്എസ് സപ്തദിന ക്യാമ്പായ ‘ആരണ്യകം 2025’-ന്റെ ‘ഹരിതകേരളം’ പദ്ധതിയുടെ ഭാഗമായാണ് ചുരം സൗന്ദര്യവത്കരണം നടത്തുന്നത്. പത്താംവളവ് എത്തുന്നതിനു മുൻപ് ഏകദേശം 500 മീറ്റർ മാറിയാണ് 750 ചതുരശ്ര അടി വിസ്തീർണത്തിൽ ചിത്രം ഒരുക്കിയത്.വരയ്ക്കാൻ നേതൃത്വം നൽകുന്നത് തവനൂർ കാർഷിക എൻജിനിയറിങ് കോളേജിലെ 38-ാം ബാച്ചിലെ എൻഎസ്എസ് വിദ്യാർഥികളാണ്. പ്രോഗ്രാം ഓഫീസർ അസി. പ്രൊഫസർ വൈശാഖ് വേണു, വൊളന്റിയർ സെക്രട്ടറി ഗംഗ എസ്. ബിജു, വൊളന്റിയർമാരായ നവ്യ, അനില, ജേക്കബ്, ബിഞ്ചു, ഡോണ, ഫസ്ന തുടങ്ങിയവരുടെ നേതൃത്വത്തിൽ 50-ഓളം പേരാണ് പങ്കെടുത്തത്.