എടപ്പാൾ : ബസ്‌സ്റ്റാൻഡ് യാഥാർഥ്യമാകുമ്പോൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട് എടപ്പാളിൽ. പാതയോരങ്ങളിൽ നാട്ടുകാരുടെയും പോലീസിന്റെയും വ്യാപാരികളുടെയുമെല്ലാം കുത്തുവാക്കുകൾ കേട്ട്, വെയിലും മഴയുംകൊണ്ട് ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന ചെറുവാഹനമുടമകളും ഡ്രൈവർമാരും. ഓട്ടോറിക്ഷകൾ, ടാക്സി കാറുകൾ, പെട്ടി ഓട്ടോകൾ, ടൂറിസ്റ്റ് വാഹനങ്ങൾ തുടങ്ങിയവരാണിവർ. ഇവയ്ക്കൊന്നും എടപ്പാളിൽ നിർത്തിയിടാനൊരിടമില്ല.1000-ത്തിൽപ്പരം ഓട്ടോറിക്ഷകളാണ് എടപ്പാൾ സ്റ്റാൻഡ് പെർമിറ്റിൽ പലയിടത്തുമായി നിർത്തിയിട്ട് ഓടുന്നത്. കച്ചവടസ്ഥാപനങ്ങൾക്ക് മുന്നിൽ നിർത്തിയിട്ടാൽ സാധനം വാങ്ങാനെത്തുന്നവർക്ക് വാഹനം നിർത്താനാകില്ലെന്ന കാരണത്താൽ വ്യാപാരികളുമായി നിരന്തരം സംഘർഷമാണ്.
ബസ് ജീവനക്കാരുമായുള്ള സംഘർഷത്തിനു പുറമേയാണിത്. നാലു ടാക്സി കാറുകൾക്ക് നിർത്തിയിടാൻ ടൗണിൽ പാലത്തിനടിയിൽ സ്ഥലമുണ്ട്. ബാക്കിയുള്ളവർ എവിടെയെങ്കിലും നിർത്തിയിട്ട് സ്ഥലമൊഴിയുമ്പോൾ വരണം. പെട്ടി ഓട്ടോറിക്ഷക്കാരും ഇതുപോലെ ഊഴം കാത്താണ് നിർത്തിയിടുന്നത്. ബസ്‌സ്റ്റാൻഡ് വരുന്നതോടെ ഇവർക്കെല്ലാം വലിയ ആശ്വാസമാകും. യാത്രക്കാരെല്ലാം ഒരിടത്ത് കേന്ദ്രീകരിക്കുന്നതോടെ ഓട്ടോറിക്ഷക്കാർക്കും അവിടെ നിർത്തിയിടാനാകും. റോഡരികുകളിലെ തിരക്കും ഒരുപരിധി വരെ കുറയും.
പരിഗണിക്കുന്നത് രണ്ട് വഴികൾ :ബസ്‌സ്റ്റാൻഡിനുള്ള സ്ഥലത്തിന്റെ കാര്യത്തിലാണ് പൂർണതീരുമാനമായത്. ഉബൈദ് കോലൊളമ്പ് ഇതിനുള്ള സ്ഥലം പഞ്ചായത്തിന് ലീസിന് നൽകാനും ഏതുതരത്തിലുള്ള ഭേദഗതികൾക്കും തയ്യാറാണ്. കുറ്റിപ്പുറം റോഡിൽനിന്ന് പൊന്നാനി റോഡിലേക്കുള്ള നിലവിലെ വഴി വീതികൂട്ടി സ്റ്റാൻഡിലെത്തുന്നതാണ് ഒരു മാർഗം. ഇതിനുള്ള കാര്യങ്ങൾ ഏറെക്കുറെ തീരുമാനമായതുമാണ്. ഇവിടെത്തന്നെയുള്ള ക്രസന്റ് പ്ലാസയുടെ പാർക്കിങ് മൈതാനത്തിലൂടെ റീഗൽ ജൂവലറിയുടെ പിറകിലുള്ള സ്ഥലംകൂടി ഉൾപ്പെടുത്തി കൂടുതൽ വിശാലമായ സ്റ്റാൻഡ് എന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിനുള്ള ചർച്ചകൾ അന്തിമതീരുമാനത്തിലെത്തിയിട്ടില്ല.ഇതു പ്രാവർത്തികമായാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള വലിയ ബസ്‌സ്റ്റാൻഡായി മാറ്റാമെന്നതാണ് ഗുണം.