പൊന്നാനി : ചമ്രവട്ടം ജങ്ഷനിലെ ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല. ദേശീയപാത യാഥാർഥ്യമാകുന്നതോടെ എല്ലാറ്റിനും പരിഹാരമാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇപ്പോഴും ദുരിതം തുടരുകയാണ്. പൊടിശല്യവും ഗതാഗതക്കുരുക്കുമാണ് ചമ്രവട്ടം ജങ്ഷനിലെത്തുന്നവരെ ദുരിതത്തിലാക്കുന്നത്.എടപ്പാൾ-പൊന്നാനി റോഡും തവനൂർ-പൊന്നാനി റോഡും ദേശീയപാതയ്ക്കിരുവശത്തുമുള്ള രണ്ടു സർവീസ് റോഡുകളും സംഗമിക്കുന്ന ജങ്ഷനാണിത്. പൊടിശല്യത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർക്ക് ഇപ്പോഴുമായിട്ടില്ല. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാലാണ് പൊടിശല്യത്തിന് അൽപ്പം കുറവുള്ളത്. ദേശീയപാതയുടെ ഭാഗമായി മേൽപ്പാലം വന്നെങ്കിലും വാഹനങ്ങളുടെ തിരക്കിന് കുറവൊന്നുമില്ല. എന്നാൽ, ജങ്ഷനിലെ റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. പൊടിശല്യത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നതിതാണ്.സർവീസ് റോഡിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. പള്ളപ്രം ഭാഗത്തുനിന്നുവരുന്ന സർവീസ് റോഡിൽ വൈകുന്നേരമായാൽ ഗതാഗതക്കുരുക്ക് തുടങ്ങും.
ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളിൽ എടപ്പാൾ, പൊന്നാനി ഭാഗങ്ങളിലേക്കുള്ളവ ഈ സർവീസ് റോഡിലൂടെയാണ് ജങ്ഷനിലെത്തുന്നത്.പ്രധാന പാതയിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുമ്പോൾ സർവീസ് റോഡിലൂടെയെത്തുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരുകയാണ്. ഇതാണ് സർവീസ് റോഡിലെ ഗതാഗതക്കുരുക്കിനു കാരണം. സർവീസ് റോഡിലൂടെ വരുന്ന ബസ്, ലോറി പോലെയുള്ള വലിയ വാഹനങ്ങൾക്ക് പൊന്നാനി ഭാഗത്തേക്കു തിരിയുന്നതിനും പ്രയാസമുണ്ട്. ഇതും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. പൊടിശല്യവും ഗതാഗതക്കുരുക്കും കാരണം ജങ്ഷനിലെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്.സർവീസ് റോഡുകളിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിക്കാമെന്നിരിക്കെ മേൽപ്പാലത്തിന്റെ സ്‌പാനുകൾക്കിടയിലൂടെ കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് മറുവശത്തെ സർവീസ് റോഡിലേക്കു പോകുന്നതിന് സൗകര്യമൊരുക്കിയാൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാകുമെന്നാണ് വ്യാപാരികളും ഡ്രൈവർമാരും പറയുന്നത്.