എടപ്പാൾ : പഴയകാലത്തെ ഓർമ്മിപ്പിച്ച് വിഷുക്കാലത്തുതന്നെ മണ്ണിലും മനസ്സിലും കുളിരുകോരിയിട്ടു പെയ്ത മഴ കർഷകർക്ക് ആഹ്ലാദമായി.ആദ്യകാലങ്ങളിൽ വിഷുദിനത്തിൽ വിത്തിറക്കുന്നതായിരുന്നു രീതി.ഇത് ഐശ്വര്യമായും കർഷകർ കണ്ടിരുന്നു.കാലം പോയതോടെ കാലാവസ്ഥാവ്യതിയാനംമൂലം മഴ തോന്നിയപോലെയായതോടെ ഈപതിവൊക്കെ കർഷകർക്ക് ഉപേക്ഷിക്കേണ്ടിവന്നു.എന്നാൽ, ഈ വർഷം പതിവിനു വിപരീതമായി മേടത്തിന് മുൻപുതന്നെ അത്യാവശ്യം മഴപെയ്തു.വയലുകളിൽ പുല്ല്‌ മുളച്ചു. വിഷുവായതോടെ വയൽ പൂട്ടിയപ്പോൾ പുല്ലെല്ലാം മണ്ണിനൊപ്പം വളമായി.

ഇനി കളയുടെ ശല്യവും കുറയും.ഈ മണ്ണിലാണ് ഒന്നാം വിളയായ വിരിപ്പിനുള്ള വിത്ത് വിത നടന്നത്.പോട്ടൂർ പാടശേഖരത്തിൽ ഇത്തവണ 18 ഏക്കറിലാണ് വിത്തിറക്കിയിട്ടുള്ളത്. ആദ്യമായി തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നെത്തിച്ച മനോരത്ന വിത്താണ് ഇവിടെ വിതച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ ജ്യോതി വിത്തായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്.120 ദിവസം മൂപ്പുണ്ടെങ്കിലും നല്ല വിളവുലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കർഷകനായ ആതാവിൽ സദാനന്ദൻ പറയുന്നു.പല പാടശേഖരങ്ങളിലും ഇത്തവണ വിരിപ്പ് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് പഴയ കാർഷിക സംസ്‌കൃതി തിരിച്ചുവരുന്നതിനുള്ള ശുഭസൂചനയായാണു വിലയിരുത്തുന്നത്.

മഴ തുടരുന്നത് കർഷകർക്ക് ആശങ്ക

എരമംഗലം : വേനൽമഴ തുടരുന്നതുമൂലം പൊന്നാനി കോൾപടവിലെ കർഷകരുടെ ആശങ്ക ഒഴിയുന്നില്ല.പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ നൂണക്കടവ്, തെക്കേക്കെട്ട്, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മുല്ലമാട്, മാറാടി, കുണ്ടംകുഴി തുടങ്ങിയ പാടശേഖരങ്ങളിൽ കോടിക്കണക്കിനു രൂപയുടെ കൊയ്‌ത്തിനു തയ്യാറായ നെല്ലുകൾ വെള്ളത്തിൽ കിടക്കുകയാണ്.ഞാറ് വെള്ളത്തിൽ വീണുകിടക്കുന്നതിനാൽ യന്ത്രം ഉപയോഗിച്ചു                           കൊയ്തെടുക്കുക ദുഷ്‌കരമാണ്. തൊഴിലാളികളെവെച്ച്‌ അരിവാൾകൊണ്ട് കൊയ്‌തെടുക്കുകയും സാധ്യമല്ല.

ബുധനാഴ്‌ച മാറാടി കോൾപടവിൽ കൊയ്യാനായി യന്ത്രം ഇറക്കിയെങ്കിലും ചെറിയൊരുഭാഗം കൊയ്യുമ്പോഴേക്കും യന്ത്രത്തിൽ ചളി കയറിയതിനാൽ കൊയ്‌ത്ത്‌ നിർത്തിവെക്കുകയായിരുന്നു.മഴ കുറച്ചുദിവസത്തേക്കെങ്കിലും ഒഴിഞ്ഞാൽ മാത്രമേ സുഗമമായി കൊയ്‌ത്ത്‌ നടത്താനാകുകയുള്ളൂവെന്നാണ് മാറാടി കോൾപടവ് സെക്രട്ടറി സി.വി. ഷെമീർ പറയുന്നത്.പല കോൾപടവുകളിൽനിന്നും പമ്പിങ് നടത്തി വെള്ളം ഒഴുക്കിവിടുന്നുണ്ട്.എന്നാൽ, മുല്ലമാട് കോൾപടവിൽ മറ്റിടങ്ങളിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളം എത്തുന്നതിനാൽ ഇവിടത്തെ വെള്ളം ഒഴുക്കിവിടാനാവാത്ത സ്ഥിതിയുണ്ടായാൽ മുല്ലമാട് കോൾപടവിലെ നെൽക്കൃഷി പൂർണമായും നശിച്ചുപോകുന്ന അവസ്ഥയും നിലനിൽക്കുന്നതായി കർഷകൻ മുനീബ് മുല്ലമാട് പറയുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *