തിരൂർ : നഗരസഭയിൽ ആറു വാർഡുകളിലൂടെ കടന്നുപോകുന്ന കാടായിത്തോട് കോൺക്രീറ്റ് ഭിത്തി കെട്ടി നവീകരിക്കുന്നതിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നഗരസഞ്ചയനം പദ്ധതിയിൽ ലഭിച്ച രണ്ടുകോടി രൂപ ചെലവഴിച്ചാണ് നഗരസഭ തോട് നവീകരിക്കുന്നത്.നഗരസഭയിലെ 10, 11, 14, 16, 17, 22 എന്നീവാർഡുകളിലൂടെയാണ് തോട് കടന്നുപോകുന്നത്. തോട് വർഷങ്ങളായി മാലിന്യം നിറഞ്ഞും ഭിത്തി തകർന്നും നശിച്ചുകിടക്കുകയായിരുന്നു. നവീകരിക്കാത്തതു കാരണം മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങുക പതിവുമാണ്. കോരങ്ങത്ത് തലപ്പള്ളി പാടത്തുനിന്ന് തുടങ്ങി കാക്കടവ് തിരൂർ-പൊന്നാനിയിൽ ചെന്നുചേരുന്നതാണ് കാടായിത്തോട്. തോട് നവീകരണത്തിനായി വെള്ളം തടഞ്ഞു നിർത്തിയത് കാരണം തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നതിൽ നാട്ടുകാർക്ക് പരാതിയുമുണ്ട്.
ആകെ 1750 മീറ്റർ നീളമുണ്ട്. ഇതിൽ 500 മീറ്ററാണിപ്പോൾ ഭിത്തി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. ബാക്കി ഭാഗം മറ്റ് ഫണ്ടുകൾ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നവീകരിക്കാൻ കഴിയൂ. ജനുവരിയിൽ തുടങ്ങിയ നിർമാണപ്രവർത്തനം മേയ് മാസത്തോടെ തീർക്കുമെന്നാണ് പ്രതീക്ഷ. പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ കരാറെടുത്ത് ഉപകരാർ നൽകി. നവീകരണപ്രവൃത്തി നടക്കുമ്പോൾ തോടിലെ വെള്ളം തടഞ്ഞുനിർത്തിയത് തോടിന്റെ നിർമ്മാണം നടക്കാത്ത ഭാഗത്ത് മലിനജലം കെട്ടിക്കിടക്കാനും കൊതുകുകൾ വളരാനും കാരണമായിട്ടുണ്ട്. ഈയിടെ 22-ാം വാർഡിൽ മലിനജലം കെട്ടി കിടന്ന് പ്രദേശത്ത് 22 പേർക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തിരുന്നു.
തോടുമുഴുവൻ ഭിത്തി കെട്ടി നവീകരിക്കണം:കാടായിത്തോട് നവീകരിക്കുന്ന നടപടിയിൽ ഏറെ സന്തോഷമുണ്ട്. താഴ്ന്ന പ്രദേശത്തെ വെള്ളക്കെട്ട് ഇല്ലാതാകും. കൂടുതൽ ഫണ്ട് ലഭ്യമാക്കി തോട് മുഴുവൻ കോൺക്രീറ്റ് ഭിത്തി കെട്ടി നവീകരിക്കണം. 22-ാം വാർഡിൽ ബാക്കിയുള്ള ജോലി കൂടി പൂർത്തിയാക്കിയാൽ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യും.