താനൂർ : അവഗണനയുടെ തീരം കൂടിയാണ് താനൂർ തൂവൽത്തീരം. ഒട്ടുംപുറം ടൂറിസം പദ്ധതിയിൽ 2012-15 കാലഘട്ടത്തിൽ നിർമിച്ച അതിമനോഹരമായ കവാടം, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, പാർക്കിന്റെ സുരക്ഷാവേലി എല്ലാം നശിച്ച അവസ്ഥയിലാണ്.മൂന്ന് കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. സുരക്ഷാവേലിയടക്കം നിരവധി ഭാഗങ്ങളും തകർന്ന നിലയിലാണ്. കയറിനിന്ന് മഴ ആസ്വദിക്കാൻ നിർമിച്ച മഴക്കുടയുടെ മേൽക്കൂര തകർന്നു. തീരത്ത് എത്തുന്നവർക്കായി സ്ഥാപിച്ച ശൗചാലയങ്ങൾ ഉപയോഗ്യശൂന്യമായിശൗചാലയങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തീരത്തേക്കുള്ള റോഡ് തകർന്ന് മഴക്കാലത്ത് വെള്ളക്കെട്ടാകും. തീരത്തിന്റെ ചിലയിടങ്ങിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നു. നഗരസഭ നിർമിച്ചുനൽകിയ രണ്ട് താത്കാലിക ശൗചാലയങ്ങൾ ഇവിടെയുണ്ട്. ഇത് തീരത്ത് എത്തുന്നവർക്ക് ഉപയോഗിക്കാൻ സാധ്യവുമല്ല.അവധിദിനങ്ങളിൽ തീരത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നുണ്ട്.

ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും കുടുംബസമേതം ആയിരങ്ങൾ എത്തുന്ന തീരം ടൂറിസം മേഖലയ്ക്ക് എറെ അനുയോജ്യമാണ്. ഇരിപ്പിടങ്ങൾ, മഴക്കുടകൾ, രാത്രികാലങ്ങളിൽ വെളിച്ചം, സിസിടിവികൾ, പാർക്ക്, സുരക്ഷാവേലി, കച്ചവടസ്റ്റാളുകൾ, ശൗചാലയങ്ങൾ എന്നിവ ശാസ്ത്രീയമായി മനോഹരമായി നിർമിക്കണം.തീരത്തെത്തുന്നവർക്ക് കടലിലേക്കിറങ്ങുമ്പോൾ സുരക്ഷ നൽകാൻ പരിശീലനം നേടിയ ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കണം. സന്ദർശകരുടെ സുരക്ഷയ്ക്കും ലഹരി തുടങ്ങിയ സാമൂഹികവിപത്തുകളെയും നേരിടാൻ പോലീസ് എയ്ഡ് പോസ്റ്റ് സേവനം ഉറപ്പുവരുത്തണം.കേന്ദ്ര-സംസ്ഥാന ടൂറിസം പദ്ധതിയിലും എഡിബിയുടെ ബ്ലൂ ഫ്ലാഗ് ബീച്ച് പദ്ധതിയിലും തൂവൽത്തീരത്തെ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതി സമർപ്പിച്ചാൽ കോടികൾ ചെലവഴിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഒട്ടുംപുറം തൂവൽ തീരത്തെ ഉയർത്താം.

ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം:തൂവൽതീരത്തെ പരമാവധി സാധ്യതകൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുതിയ പദ്ധതികൾ സമർപ്പിക്കണം. തീരത്ത് എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം.

അനിൽ തലപ്പള്ളി, ലൈസൻസി, തൂവൽത്തീരം അമ്യൂസ്‍മെന്റ് പാർക്ക്

Related Post

Leave a Reply

Your email address will not be published. Required fields are marked *