പൊന്നാനി : ആഴക്കടലിൽ വലയിറക്കിയ മീൻപിടിത്ത വള്ളത്തെ കപ്പൽ ഇടിച്ചു തെറിപ്പിച്ചു. കടലിലേക്കു തെറിച്ചുവീണ തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. വള്ളത്തിന്റെ മുൻ ഭാഗം തകർന്നു.   അപകടം നടന്നതറിഞ്ഞിട്ടും കപ്പൽ നിർത്താതെ പോയെന്ന് പരാതി. പൊന്നാനി തീരത്തുനിന്ന് അഞ്ചു ദിവസം മുൻപ് മീൻപിടിത്തത്തിനിറങ്ങിയ പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി കളരിക്കൽ പ്രജേഷിന്റെ ഉടമസ്ഥതയിലുള്ള ‘കടൽ സ്റ്റാർ’ വള്ളമാണ് അപകടത്തിൽപെട്ടത്.

വള്ളത്തിലുണ്ടായിരുന്ന താനൂർ സ്വദേശികളായ മംഗലത്ത് വിനോദ്, കെ.പി. അലി, പുറത്തൂർ സ്വദേശി തണ്ടാശേരി കുമാരു, തിരുവനന്തപുരം സ്വദേശി ലോറൻസ്, ചാൾസ് എന്നിവരാണ് ഇടിയുടെ ആഘാതത്തിൽ കടലിലേക്കു തെറിച്ചുവീണത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പൊന്നാനി തീരത്തുനിന്ന് 55 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.

ഇളം പച്ച നിറത്തിലുള്ള കപ്പലാണ് ഇടിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തകർന്ന വള്ളവുമായി  രാവിലെയാണ് മത്സ്യത്തൊഴിലാളികൾ പൊന്നാനി തീരത്തേക്കെത്തിയത്. തീരദേശ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കപ്പലിനെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയെന്നാണ് അറിയുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *