പൊന്നാനി : ‘ഏർലി ഇന്റർവെൻഷൻ സെന്റൻ-പീക്ക്’ വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പിറവിയിൽതന്നെ കുഞ്ഞുങ്ങളിൽ പ്രകടമാകാതെയും തിരിച്ചറിയാനാവാതെയുമുള്ള മാനസികവും ശാരീരികവുമായ വെല്ലുവിളികളും പരിമിതികളും ശൈശവത്തിൽതന്നെ കണ്ടെത്തി, വിദഗ്ധ പരിചരണവും മതിയായ ചികിത്സയും ഉറപ്പുവരുത്തി സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് 2018-ലാണ് നഗരസഭ താലൂക്കാശുപത്രിയിൽ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ ആരംഭിച്ചത്.
കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയാണ് എംഇഎസ് കോളേജിന് എതിർവശത്തായി ഇ.കെ. ടവറിൽ ‘പൊന്നാനി ഏർലി ഇന്റർവെൻഷൻ സെന്റർ-പീക്ക്’ എന്ന പുതിയ പേരിൽ പ്രവർത്തനം ആരംഭിച്ചത്. പുതിയ സെന്ററിന്റെ ഉദ്ഘാടനം പി. നന്ദകുമാർ എംഎൽഎ നിർവഹിച്ചു.നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഒ.ഒ. ഷംസു, ഷീന സുദേശൻ, രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ ആബിദ, സെന്റർ കോഡിനേറ്റർ സജീർ തുടങ്ങിയവർ പ്രസംഗിച്ചു.