മാറഞ്ചേരി: വൈദ്യുത ലൈൻ വലിക്കാത്തതു മൂലം മാറഞ്ചേരി പരിച്ചകത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വൈകുന്നു. രണ്ടു വർഷം മുൻപു നിർമാണം പൂർത്തിയാക്കിയതാണ്. ലൈൻ വലിക്കുന്നതിനും ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനുമായി മാറഞ്ചേരി പഞ്ചായത്ത് രണ്ടു മാസം മുൻപു പുറങ്ങ് കെഎസ്ഇബി ഓഫിസിൽ പണം അടച്ചതാണ്.അധികൃതർ ലൈൻ വലിക്കാത്തതാണു മൂലമാണു പ്രവർത്തനം വൈകുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
മാറഞ്ചേരി സെന്ററിലുള്ള സിഎച്ച്സിയിലെ തിരക്ക് കുറയ്ക്കുന്നതിനും പരിച്ചകത്തെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമാണ് ഉപകേന്ദ്രത്തിനു സമീപം കുടുംബാരോഗ്യ കേന്ദ്രത്തിനായി കെട്ടിടം നിർമിച്ചത്. ട്രാൻസ്ഫോമർ സ്ഥാപിച്ചതായും അടുത്ത ദിവസം ലൈൻ വലിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.