തിരുനാവായ: സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രമാണെങ്കിലും തിരുനാവായ യിലെത്തിയാൽ ബസ് കയറാൻ മഴയും വെയിലും കൊണ്ടു കടത്തിണ്ണകളിൽ കാത്തുനിൽക്കണം. റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും ഇവിടെയിപ്പോഴും ഒരു ബസ് സ്റ്റാൻഡ് ഇല്ല. 20 വർഷം മുൻപു ബസ് സ്റ്റാൻഡ് നിർമാണത്തിനു തറക്കല്ലിട്ടെങ്കിലും സ്വപ്നം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല.
ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന നവാമുകുന്ദ ക്ഷേത്രം ഉൾപ്പെടെ ഒട്ടേറെ ആരാധനാലയങ്ങളും ടൂറിസം കേന്ദ്രങ്ങളുമുള്ള ഇടമാണു തിരുനാവായ. കുറ്റിപ്പുറം – തിരൂർ പാതയിലെ പ്രധാന ജംക‍്ഷനായ ഇവിടെ ധാരാളം പേരാണു ബസ് കാത്തുനിൽക്കാറുള്ളത്. പുത്തനത്താണി – തിരുനാവായ പാതയിലും ധാരാളം ബസുകൾ ഓടുന്നുണ്ട്. എന്നാൽ ഈ ബസുകളെല്ലാം നിലവിൽ തിരുനാവായ ജംക‍്ഷനിൽ റോഡരികുകളിൽ നിർത്തിയിട്ടാണു യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.
ഇവിടെ നല്ലൊരു ബസ് കാത്തിരിപ്പുകേന്ദ്രം പോലുമില്ല.രണ്ടു ദശാബ്ദങ്ങൾക്കു മുൻപു തന്നെ ഇവിടെ ബസ് സ്റ്റാൻഡ് പണിയണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നു തിരുനാവായ – പുത്തനത്താണി റോഡിൽ 85 സെന്റ് സ്ഥലം കണ്ടെത്തി. ഇവിടെ 2006ൽ അന്നത്തെ മന്ത്രി ആര്യാടൻ മുഹമ്മദും കുറ്റിപ്പുറം എംഎൽഎ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയും ചേർന്നു തറക്കല്ലുമിട്ടു. പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ശിലാഫലകത്തിലെ പേരുകൾ പോലും മാഞ്ഞുപോയിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതികളും കാര്യമായി ഇതിനു വേണ്ടി നടപടിയെടുത്തില്ല. നിലവിൽ തിരുനാവായ – തവനൂർ പാലം വരികയാണ്. പുതിയ ബസ് റൂട്ടുകളും ഇതുവഴി ഉണ്ടാകും. കൂടുതൽ യാത്രക്കാരുമുണ്ടാകും. പാലം വരുന്നതിനു മുൻപായി തിരുനാവായയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരുമെല്ലാം ആവശ്യപ്പെടുന്നത്.