എരമംഗലം : കർഷകരിൽനിന്ന് നെല്ലു സംഭരിക്കുന്നതിനെ ചൊല്ലി സർക്കാരും മില്ല് ഉടമകളും തമ്മിൽ ആശയ കുഴപ്പം തുടരുന്നത് മൂലം പൊന്നാനി കോളിൽ 250 ടൺ നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുന്നു.വേനൽമഴയിൽനിന്നു കർഷകർ ഏറെ കഷ്ടത അനുഭവിച്ച് കൊയ്തെടുത്ത നെല്ലാണ് സപ്ലൈകോ നിശ്ചയിച്ച മില്ല് ഉടമകൾ സംഭരിക്കാതെ വന്നതോടെ പാടത്തും പറമ്പുകളിലും ചാക്കുകളിൽ കെട്ടി ദിവസങ്ങളായി കെട്ടിക്കിടക്കുന്നത്. സർക്കാരിന്റെ നിർദേശ പ്രകാരം മില്ല് ഉടമകൾക്ക് നെല്ല് കുത്തി അരി ആക്കാൻ നിശ്ചയിച്ച അനുപാതം പോരാ എന്ന ഉറച്ച നിലപാടിൽ മില്ല് ഉടമകൾ ഉറച്ചു നിന്നതോടെ ഒരാഴ്ചയായി മില്ലുകാർ കർഷകരിൽനിന്ന് നെല്ല് എടുക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഒരു ക്വിന്റൽ നെല്ല് കുത്തി 68 കിലോഗ്രാം അരിയാക്കി മില്ല് ഉടമകൾ തരണമെന്നാണ് മില്ലുടമകളും സർക്കാരും തമ്മിലുണ്ടാക്കിയ ധാരണ. നെല്ലിന്റെ ഉൽപാദനക്കുറവും കുത്താനുള്ള ചെലവ് കൂടിയതും കാരണം നഷ്ടം സഹിച്ച് നെല്ല് സംഭരിക്കാൻ കഴിയാതെ വന്നിരിക്കുകയാണെന്നാണ് മില്ല് ഉടമകൾ പറയുന്നത്. നൂണക്കടവ്, കോലോത്തുപാടം, മുല്ലമാട്, നടുപോട്ട പാടശേഖരങ്ങളിൽനിന്നു കൊയ്തെടുത്ത നെല്ലാണു സംഭരണത്തിനു ചാക്കുകളിൽ സൂക്ഷിച്ച് കാത്തിരിപ്പ് തുടരുന്നത്. ആഴ്ചകൾക്ക് മുൻപ് ചാക്കുകളിൽ സൂക്ഷിച്ച നെല്ല് കേടുവരുമെന്ന ഭയമുള്ളതിനാൽ ചാക്കുകളിൽ നിറച്ച നെല്ല് വീണ്ടും ഉണക്കി കൊണ്ടിരിക്കുകയാണ് കർഷകർ.