എടപ്പാൾ : അഞ്ചാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ മൊയ്തീൻ. പിന്നെ കുരുമുളക്, അടയ്ക്ക, തേങ്ങ കച്ചവടമായി ജോലി. സ്വന്തം തൊഴിലിൽ അനുഭവിച്ച പ്രയാസങ്ങൾക്ക് അറുതിവരുത്താനുള്ള മാർഗങ്ങൾ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ, വഴി തനിയെ കണ്ടെത്തുകയായിരുന്നു അദ്ദേഹം.തന്റെ അറിവും അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളുമെല്ലാം ചേർത്ത് മൊയ്തീൻ നിർമിച്ച യന്ത്രം കുരുമുളക്, നെല്ല് കർഷകർക്കെല്ലാം അനുഗ്രഹമാകുകയാണിപ്പോൾ.വട്ടംകുളം പോട്ടൂർ മുതുമുറ്റത്ത് മാടേക്കാട്ട് മൊയ്തീൻ (56) ആണ് നാട്ടിൽനിന്നു സംഭരിച്ച സാധനങ്ങളും മോട്ടോറുമെല്ലാം ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ കുരുമുളകിലെയും നെല്ലിലെയുമെല്ലാം പൊടിയും കരടും കളഞ്ഞ് വിൽപ്പനയ്ക്കു തയ്യാറാക്കുന്ന യന്ത്രം വികസിപ്പിച്ചത്.
ഒന്നര എച്ച്പിയുടെ മോട്ടോർ, നെറ്റ് റോൾ, റൈസ് മില്ലിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ എന്നിവയെല്ലാമുപയോഗിച്ചാണ് ഇദ്ദേഹം ഈ യന്ത്രമൊരുക്കിയത്.1000 കിലോ കുരുമുളക് വൃത്തിയാക്കാൻ മൂന്നും നാലും പേർക്ക് ഒരുദിവസം മുഴുവൻ വേണ്ടിവരുമെങ്കിൽ മൊയ്തീന്റെ യന്ത്രത്തിന് ഇതിനു മണിക്കൂറുകൾ മാത്രം മതി. കുരുമുളകിന്റെ തോക്ക (തണ്ട്), കരടുകൾ, പൊടി, നെല്ലിലെ പതിരടക്കമുള്ള അനാവശ്യമായ വസ്തുക്കൾ എന്നിവ ഒഴിവാക്കാൻ വളരെ ലളിതമായരീതിയാണ് മൊയ്തീന്റെ ഈ യന്ത്രത്തിലൂടെ സാധ്യമാകുന്നത്. നേരത്തേ കുരുമുളകിന്റെ തണ്ട് കളയാനുള്ള ഒരു യന്ത്രവും ഇദ്ദേഹം കണ്ടെത്തിയിരുന്നു.