കുറ്റിപ്പുറം∙:കാലവർഷം വരുന്നതിനു മുൻപായി അഴുക്കുചാലുകളുടെ നിർമാണം പൂർത്തീകരിച്ച് വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറം നിവാസികൾ. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി പഴയ അഴുക്കുചാലുകൾ പൊളിച്ചുനീക്കുകയും മൺമൂടുകയും ചെയ്തതോടെ കഴിഞ്ഞ വർഷം കുറ്റിപ്പുറത്ത് വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈവർഷം ഇതുണ്ടാകരുതെന്നും കാലവർഷം ആരംഭിക്കുന്നതിന് മുൻപായി വെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനുളള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ രംഗത്തെത്തിയത്.

നേരത്തേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറുവരിപ്പാതയുടെ കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. കുറ്റിപ്പുറം ടൗണിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം നേരത്തേ ദേശീയപാതയുടെ അടിവശത്തെ ഓടയിലൂടെ ഭാരതപ്പുഴയിലേക്കാണ് ഒഴുകിയിരുന്നത്. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി പഴയ ഓട മൂടി. പലതും പൊളിച്ചുനീക്കുകയും ചെയ്തു. നിലവിൽ മേൽപാലത്തിന് അടിയിലൂടെ ആറുവരിപ്പാതയ്ക്ക് കുറുകെ ഓട നിർമിച്ചിട്ടുണ്ടെങ്കിലും ഇതു പൂർത്തിയാക്കിയിട്ടില്ല. മഴ പെയ്താൽ പലഭാഗത്തുനിന്നായി ഒഴുകിയെത്തുന്ന വെള്ളം താഴ്ന്ന ഭാഗങ്ങളിൽ കെട്ടിനിൽക്കും.

ഈ വർഷവും കുറ്റിപ്പുറം പുഴനമ്പ്രം, നിളയോരം പാർക്ക്, മൈത്രി കോളനി, ഓയിൽ മിൽ റോഡ്, നിളയോരം പാർക്ക് റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകും എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. വെള്ളം ഒഴുകിപ്പോകാനായി അഴുക്കുചാലുകൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദേശീയപാതയുടെ അപ്പുറത്തുള്ള സ്ഥലത്തെ അഴുക്കുചാൽ നിർമാണം സാധ്യമല്ലെന്നാണ് കരാർ കമ്പനി അറിയിച്ചത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇതിനായി പഞ്ചായത്ത് അപേക്ഷ നൽകണമെന്നാണ് കരാർ കമ്പനി നിർദേശിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിന്റെ അപേക്ഷ ലഭിച്ചാൽ പരിഗണിക്കാം എന്ന നിലപാടിലാണ് കെഎൻആർസിഎൽ.

Related Post

Leave a Reply

Your email address will not be published. Required fields are marked *