പൊന്നാനി : നേപ്പാളിൽ നടന്ന അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പൊന്നാനി സ്വദേശികളായ വിദ്യാർഥികൾ. പുഴമ്പ്രത്തെ കോളേജ് ഓഫ് യോഗ കേന്ദ്രത്തിൽ വർഷങ്ങളായി യോഗ അഭ്യസിക്കുന്ന വിദ്യാർഥികളാണ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ടി.പി. ധനീഷാണ് യോഗ പരിശീലിപ്പിക്കുന്നത്. പൊന്നാനി സ്വദേശികളായ പ്രമോദിന്റെയും സൗമ്യയുടെയും മകൻ ആദർശ്, പള്ളപ്രം സ്വദേശികളായ മണികണ്ഠന്റെയും സുജാതയുടെയും മകൾ ഐശ്വര്യ, ബിയ്യം സ്വദേശികളായ ധനീഷിന്റെയും സജിതയുടെയും മകൻ ടി.പി. ധനഞ്ജയ്, കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി സ്വദേശികളായ സന്തോഷിന്റെയും സുഷമയുടെയും മകൾ ശ്രീനന്ദ എന്നിവർ സ്വർണമെഡൽ നേടി.
പുഴമ്പ്രം സ്വദേശി ഷാജിയുടെയും സുജിനയുടെയും മകൻ പഞ്ചൽ, മാറഞ്ചേരി സ്വദേശികളായ മണികണ്ഠന്റെയും ദീപികയുടെയും മകൾ പ്രവീണ, പുറങ്ങ് മാരാമുറ്റം സ്വദേശികളായ ഗിരീഷിന്റെയും സജിതയുടെയും മകൾ അർച്ചന എന്നിവർ വെള്ളിമെഡലും നേടി.
എല്ലാവരും പൊന്നാനി എ.വി. ഹൈസ്‌കൂൾ വിദ്യാർഥികളാണ്. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ സ്‌കൂൾ അധികൃതരും നാട്ടുകാരും അനുമോദിച്ചു.